ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അപേക്ഷിച്ചവര്‍ക്ക് ഇരുട്ടടി

നരിക്കുനി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പോസ്റ്റ്മെട്രിക്, മെറിറ്റ് കം മീന്‍സ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ഇരുട്ടടിയായി കേരള നോഡല്‍ ഓഫിസില്‍ നിന്നു പുതിയ നിര്‍ദേശം. രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യല്‍ നിര്‍ബന്ധമാക്കിയതാണ് വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയായത്.
സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന സന്ദേശം നിലവിലുണ്ടെങ്കിലും രേഖകള്‍ അപ്ലോഡ് ചെയ്യാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാത്ത എല്ലാ അപേക്ഷകളും തെറ്റുള്ളതായി രേഖപ്പെടുത്തി തള്ളുകയാണ്. അത്തരം വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തതിനാല്‍ അപേക്ഷ തെറ്റുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന സന്ദേശവും ലഭിക്കുന്നുണ്ട്. വ്യാജ അപേക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ നീക്കമെന്നാണ് നോഡല്‍ ഓഫിസില്‍ നിന്നുള്ള വിശദീകരണം.
ഈ മാസം 31നു മുമ്പ് രേഖകള്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷ വീണ്ടും സമര്‍പ്പിക്കണം. ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് (ജനനസ്ഥലം രേഖപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റോ, റേഷന്‍ കാര്‍ഡോ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ മതിയാവും.), ഫോട്ടോ, കമ്മ്യൂണിറ്റി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം, ഫീ റെസിപ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ലിസ്റ്റിന്റെ കോപ്പി, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകളാണ്അപ്ലോഡ് ചെയ്യേണ്ടത്.
വെബ്സൈറ്റിലെ നിര്‍ദേശപ്രകാരം 50,000 രൂപയില്‍ താഴെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന സ്‌കീമുകളില്‍ ഈ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്നും പഠിക്കുന്ന സ്ഥാപനത്തില്‍ നല്‍കിയാല്‍ മതിയെന്നുമാണുള്ളത്. പക്ഷേ, ഇതിനു വിരുദ്ധമായാണ് രേഖകള്‍ അപ്‌ലോഡ് ചെയ്യണമെന്ന പുതിയ നിര്‍ദേശം വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നത്.

Next Story

RELATED STORIES

Share it