ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേനടക്കുന്ന നീക്കം ആശങ്കാജനകം: ന്യൂനപക്ഷ സമിതി

കോഴിക്കോട്: ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ നടക്കുന്ന ശത്രുതാപരമായ നീക്കം ആശങ്കാജനകമാണെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ശില്‍പശാല അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന വിദ്യാര്‍ഥി-യുവ തലമുറയില്‍ അസാംസ്‌കാരികതയുടെയും ജീര്‍ണതയുടെയും വിത്ത് പാകാനുള്ള ആസൂത്രിത ശ്രമം തിരിച്ചറിയണം. ലിംഗസമത്വത്തിന്റെ പേരുപറഞ്ഞ് ഫാറൂഖ് കോളജ് പോലെ കേരളത്തിലെ ഏറ്റവും ഉന്നതമായ ന്യൂനപക്ഷ വിദ്യഭ്യാസ സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തെ വിവാദങ്ങളിലൂടെ ഇല്ലാതാക്കാനുള്ള നീക്കം സമുദായനേതൃത്വം ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ലിംഗസമത്വ വാദത്തിന്റെ മറവില്‍ തെരുവകള്‍ തോറും ചുംബനസമരങ്ങള്‍ നടത്തി കേരളീയ സാംസ്‌കാരിക ബോധത്തെ മലീമസമാക്കിയവര്‍ പെണ്‍വാണിഭത്തിന്റെ മേലാളന്മാരാണെന്ന വസ്തുത പുറത്ത് വന്നത് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനം നല്കിയവര്‍ക്കുള്ള ശക്തമായ താക്കീതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ശില്പശാല സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പ് ക്ലാസ്സെടുത്തു. ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് നിസാര്‍ ഒളവണ്ണ, സമിതി സംസ്ഥാന സെക്രട്ടറിമാരായ നടുക്കണ്ടി അബൂബക്കര്‍, സി പി അബ്ദുല്ല, മലപ്പുറം ജില്ലാ സെക്രട്ടറി മമ്മത് കോഡൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it