Flash News

ന്യൂനപക്ഷ വേട്ടയ്ക്കു പുറമേ സംസ്ഥാനത്ത് അപ്രഖ്യാപിത നിരോധനാജ്ഞയും

എം   എം  സലാം
ആലപ്പുഴ: സോഷ്യല്‍ മീഡിയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ ഹര്‍ത്താലിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്ക്കു പുറമേ സംസ്ഥാനത്താകെ അപ്രഖ്യാപിത നിരോധനാജ്ഞയും. കോഴിക്കോട്ടും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും ഔദ്യോഗിക നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമേയാണ് സംസ്ഥാനം മുഴുവന്‍ അപ്രഖ്യാപിത നിരോധനാജ്ഞയുള്ളത്.
ഈ വിവരം മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. കഠ്‌വയില്‍ കൊല്ലപ്പെട്ട ബാലികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടും മണ്ണഞ്ചേരിയിലും വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി അവസാന നിമിഷം പോലിസ് പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാരണം അന്വേഷിച്ച് സംഘാടകര്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴായിരുന്നു സംസ്ഥാനത്ത് നിലവില്‍ അപ്രഖ്യാപിത നിരോധനാജ്ഞയുണ്ടെന്നും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുകയുള്ളൂവെന്നും അറിയിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ പ്രകാരമാണ് പോലിസ് നടപടികളെന്നാണ് അധികൃതരുടെ ഭാഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസത്തേക്ക് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിനു പിന്നില്‍ മതതീവ്രവാദികളാണെന്ന പ്രചാരണം സര്‍ക്കാരും പോലിസും നടത്തുന്നതിനിടെ തന്നെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജയിന്‍ കേരളത്തിലെത്തി പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, സംഘപരിവാരത്തിനെതിരേയുള്ള പ്രതിഷേധ യോഗങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പോലിസ് തടയുമ്പോള്‍ തന്നെ കഠ്‌വ ബാലിക വിഷയത്തില്‍ ഹിന്ദുവേട്ട നടത്തുകയാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘപരിവാര സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പോലിസ് എല്ലാ സംരക്ഷണവും നല്‍കുന്നുണ്ട്.  മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മുഴുവന്‍ സംഘപരിവാര സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ പോലിസ് കാഴ്ചക്കാരായി നോക്കിനിന്നു. രാജ്യവ്യാപകമായി നാനാജാതി മതസ്ഥര്‍ സംഘപരിവാരത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് നാണംകെട്ട് പ്രതിരോധത്തിലായിരുന്ന സംഘപരിവാര സംഘടനകള്‍ ഇപ്പോള്‍ ഇടതു സര്‍ക്കാരിന്റെയും പോലിസിന്റെയും അനുകൂല നിലപാടുകള്‍ മുതലെടുത്ത് സോഷ്യല്‍ മീഡിയയിലടക്കം പ്രകോപനവുമായി വീണ്ടും സജീവമാവുകയാണ്.
Next Story

RELATED STORIES

Share it