Flash News

ന്യൂനപക്ഷ വിരുദ്ധ സമീപനം : മുസ്‌ലിം പ്രമുഖരുടെ അഭിപ്രായം തേടി സിപിഎം



കെ പി ഒ  റഹ്്മത്തുല്ല

മലപ്പുറം: സംഘപരിവാരത്തിന് ഒത്താശ ചെയ്യുന്നുവെന്ന ന്യൂനപക്ഷ ജനവിഭാഗത്തിന്റെ നിരന്തരമുള്ള പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി നടപടി തുടങ്ങി. മുസ്‌ലിം ജനവിഭാഗത്തിലെ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനാണ് പാര്‍ട്ടി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്. കേരളത്തില്‍ സിപിഎം ഭരണകൂടം ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ കൈക്കൊള്ളുന്നുവെന്നും പോലിസും ഭരണകൂടവും സംഘപരിവാരത്തെ പ്രീണിപ്പിക്കുന്നുവെന്നുമുള്ള ആയിരക്കണക്കിനു പരാതികളാണ് പാര്‍ട്ടി പോളിറ്റ്ബ്യൂറോക്കും കേന്ദ്രകമ്മിറ്റിക്കും ലഭിച്ചത്. ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്ത് ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ 15 അംഗ സമിതി രൂപീകരിക്കുകയായിരുന്നു. ഇവര്‍ മുസ്‌ലിം വിഭാഗത്തിലെ 1000ഓളം നിഷ്പക്ഷ വ്യക്തിത്വങ്ങളോട് അഭിപ്രായംതേടാനാണു തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ നന്നായി പിന്തുണച്ചതിനാലാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും വന്‍ വിജയമുണ്ടായതെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഈ മനോഭാവം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലനിന്നെങ്കില്‍ മാത്രമേ നിലവിലുള്ള എട്ട് സീറ്റ് നിലനിര്‍ത്താനാവൂ എന്ന് പാര്‍ട്ടി തിരിച്ചറിയുന്നുമുണ്ട്. മുസ്‌ലിം ജനവിഭാഗം എതിരായാല്‍ നിലവിലുള്ള കാസര്‍കോട്, കണ്ണൂര്‍ സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെടുമെന്നാണു വിലയിരുത്തല്‍. പിണറായി ഭരണത്തെക്കുറിച്ച് രാഷ്ട്രീയബന്ധമില്ലാത്ത പ്രമുഖ മുസ്്‌ലിംകളുടെ അഭിപ്രായമാണ് പ്രത്യേക സമിതി തേടുന്നത്. അഞ്ച് ചോദ്യങ്ങളാണ് ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ളത്. പോലിസും സര്‍ക്കാരും മുസ്‌ലിം വേട്ട നടത്തുന്നുവെന്ന് അഭിപ്രായമുണ്ടോ എന്നും യുഎപിഎ ഉള്‍പ്പെടെയുള്ള കടുത്ത നിലപാടുകള്‍ ഈ വിഭാഗങ്ങള്‍ക്കു മാത്രമായുള്ളതാണെന്നു തോന്നുന്നുണ്ടോ എന്നിങ്ങനെയാണു ചോദ്യങ്ങള്‍. നേരിട്ടും ഫോണിലൂടെയുമാണ് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ 10 മുതലാണ് അഭിപ്രായശേഖരണം തുടങ്ങിയത്. മുസ്‌ലിംകളുടെ സമിതിയെയാണ് ഇതിനായി കേന്ദ്രകമ്മിറ്റി നിയോഗിച്ചിട്ടുള്ളത്. ഡിസംബര്‍ അവസാനത്തോടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്രകമ്മിറ്റിക്ക് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ ഭരണത്തിലുണ്ടാവുമെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. അഭിപ്രായങ്ങള്‍ക്കായി സമീപിച്ച പ്രമുഖ വ്യക്തികള്‍ ഈ ഭരണകൂടം സംഘപരിവാരത്തിന് ഒത്താശ ചെയ്യുന്നതിന്റെയും മുസ്‌ലിംവിരുദ്ധ പോലിസ് നടപടികളുടെയും വിശദാംശങ്ങള്‍ സമിതി അംഗങ്ങളോട് തുറന്നുപറഞ്ഞതായാണു സൂചന.
Next Story

RELATED STORIES

Share it