Flash News

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് 2000 വീടുകള്‍ നിര്‍മിച്ചുനല്‍കും: മന്ത്രി കെ ടി ജലീല്‍



തിരുവനന്തപുരം: ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് സര്‍ക്കാര്‍ 2000 വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയെ അറിയിച്ചു. ഇതിനായി 50 കോടി നീക്കിവച്ചതായും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ചു നടത്തുന്ന സ്‌കീമില്‍ ഒരു വീടിനു 3.5 ലക്ഷം വീതം നല്‍കും. കഴിഞ്ഞ വര്‍ഷം 1200 വീടാണ് നിര്‍മിച്ചത്. 2.5 ലക്ഷമായിരുന്നു ഓരോ വീടിനും നല്‍കിയത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 99 കോടിയും നോണ്‍ പ്ലാന്‍ ഫണ്ടിനത്തില്‍ 17.60 കോടിയുമാണ് കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്. ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് സ്‌കോളഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് എന്ന സ്‌കോളര്‍ഷിപ്പ് നടപ്പാക്കി. 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഈ വിഭാഗത്തിലെ പാവപ്പെട്ടവരുടെ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് അഞ്ചു കോടി വകയിരുത്തി. വഖ്ഫ് ബോര്‍ഡിന്റെ സഹകരണത്തോടെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് മൈനോറിറ്റി സ്റ്റഡീസ് എന്ന സ്ഥാപനം മലപ്പുറത്ത് തുടങ്ങാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it