kozhikode local

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് ഓഫ് മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷ്യന്‍സ് (ഐഡിഎംഐ) തടഞ്ഞു വച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കാനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ഭാരവാഹികളുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ യുപിഎ ഗവണ്‍മെന്റാണ് ഐഡിഎംഐ ഫണ്ട് അനുവദിച്ചത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി നല്‍കിവന്നിരുന്ന ഈ തുക രണ്ട് വര്‍ഷമായി അനുവദിക്കുന്നില്ല. ഇത് പുനപരിശോധിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുന്നത് എന്താണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രസാ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചിരുന്ന തുകയും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിബിഎസ്ഇ എന്‍ട്രന്‍സ് വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ധരിക്കാന്‍ പറ്റില്ലെന്ന അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പരീക്ഷാപ്രവര്‍ത്തനം സുഖമമായി നടത്തുവാന്‍ മാന്യമായ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം വ്യക്തി സ്വാതന്ത്രവും മത സ്വാതന്ത്രവും ഹനിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, കെ പി മുഹമ്മദലി ഹാജി, നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാ പറമ്പ്, നിസാര്‍ ഒളവണ്ണ, സി പി അബ്ദുല്ല തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സമിതി തയ്യാറാക്കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.
Next Story

RELATED STORIES

Share it