kasaragod local

ന്യൂനപക്ഷ ബോധവല്‍ക്കരണത്തിന് സെമിനാറുകള്‍ നടത്തണം: കമ്മീഷന്‍

കാസര്‍കോട്: ന്യൂനപക്ഷാവകാശങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ച് ബോധവല്‍ക്കരിാന്‍ പ്രാദേശിക തലങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പ്രഫ. ഫരീദ അബ്ദുല്ല ഖാന്‍ ശുപാര്‍ശ ചെയ്തു. ജില്ലാഭരണകൂടത്തോടും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനോടുമാണ് ബോധവല്‍ക്കരണ പരിപാടിസംഘടിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. കലക്ടറേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെയും ന്യൂനപക്ഷ സംഘടനാപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുസ്‌ലിം, ക്രൈസ്തവ ആരാധനാലയങ്ങളിലൂടെയും ഇത്തരത്തിലുള്ള വിവരങ്ങള്‍ നല്‍കണം.
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ അഭാവം, അര്‍ഹരായവരിലേക്ക് ക്ഷേമപദ്ധതികളും വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും ലഭ്യമാകാത്ത സാഹചര്യം എന്നിവയാണ് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നം.
തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നൂതനതൊഴില്‍മേഖലകള്‍ പരിപോഷിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പുകള്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ക്കു പുറമെ പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം വ്യാപകമാക്കണം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സക്രിയമാക്കി മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.
പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ മലയോര മേഖലകളിലും ഉള്‍ഗ്രാമങ്ങളിലും സെമിനാറുകള്‍ പോലുള്ള ബോധവല്‍ക്കരണ പരിപാടി നടത്തേണ്ടത് അനിവാര്യമാണ.് മത സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടും. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ അനുമതി വേണമെന്ന നിബന്ധന പുനപ്പരിശോധിക്കണമെന്നും പഞ്ചായത്ത് തലങ്ങളില്‍ ഇതിനുള്ള അധികാരം നല്‍കണമെന്നും സംഘടനാപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാറിനെ അറിയിക്കും. പ്രധാന ശുപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അടുത്തയാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെയും ന്യൂനപക്ഷ ക്ഷേമ മന്ത്രിമാരുടെയും യോഗത്തിലും ഈ വിഷയം അവതരിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എഡിഎം എച്ച് ദിനേശന്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഡിഡിഇ വി വി രാമചന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, വിവിധ ന്യൂനപക്ഷ സംഘടനാപ്രതിനിധികള്‍ എന്നിവരുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it