ന്യൂനപക്ഷ പദവി വിവാദം; പ്രതിപക്ഷം എന്‍ഡിഎ സഖ്യകക്ഷികളെ സമീപിക്കുന്നു

ന്യൂഡല്‍ഹി: അലിഗഡ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ പോരാടാന്‍ പ്രതിപക്ഷ കക്ഷികള്‍ എന്‍ഡിഎയുടെ ചില ഘടകകക്ഷികളെ സമീപിക്കും. നേരത്തെ ഐക്യമുന്നണിയിലെ ഘടകകക്ഷികളായിരുന്ന അകാലിദള്‍, ടിഡിപി, എജിപി, പിഡിപി, ടിആര്‍എസ് എന്നീ കക്ഷികളെ സമീപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് ജെഡിയു, ആര്‍ജെഡി, എന്‍സിപി, സിപിഐ, സിപിഎം, എഎപി എന്നീ പ്രതിപക്ഷ കക്ഷികളിലെ എംപിമാര്‍ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി റദ്ദാക്കാനുള്ള നീക്കത്തിനെതിരേ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. അടുത്ത മാസം ചേരുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിനു വേണ്ടിയാണ് എന്‍ഡിഎയിലെ ഘടകകക്ഷികളേക്കൂടി സഹകരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് പ്രതിഷേധത്തിന്റെ രീതി ചര്‍ച്ചചെയ്യാന്‍ സമാന ചിന്താഗതിക്കാരായ എംപിമാരുടെ യോഗം വിളിക്കുമെന്നും ത്യാഗി അറിയിച്ചു. ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ ഇതിനകം സഹകരണം അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി വിഷയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സ്വയംഭരണാവകാശത്തിന്റെ പ്രശ്‌നം കൂടിയാണെന്നും ത്യാഗി പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാലയിലെയും ജെഎന്‍യുവിലേയും വൈസ് ചാന്‍സലര്‍മാരുടെ നിയമന കാര്യത്തിലും സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. ബജറ്റ് സമ്മേളന കാലത്ത് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സര്‍ക്കാരിനെതിരേ നിവേദനം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനത്തിന് ശുപാര്‍ശ ചെയ്യാന്‍ രൂപീകരിച്ച സമിതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഈ മാസമാദ്യം ത്യാഗി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it