thrissur local

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്; 4 പരാതികള്‍ ഒത്തുതീര്‍പ്പായി

തൃശൂര്‍: ജോലിയില്‍ നിന്ന് തരം താഴ്ത്തിയതിനെതിരെ ഒറ്റപ്പാലം സ്വദേശി സാലിപോള്‍ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഡിപിഐ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് വിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനിച്ചു.
തൃശൂര്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിങിലാണ് തീരുമാനം. പരിഗണിച്ച 15 പരാതികളില്‍ 2 പേര്‍ ഹാജരായില്ല. 4 കേസുകള്‍ തീര്‍പ്പാക്കി. 11 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. വിവി ജോഷി, അഡ്വ. കെപി മറിയുമ്മ എന്നിവരാണ് തൃശൂരില്‍ സിറ്റിങ് നടത്തിയത്.
ഒക്കുപ്പന്‍സി മാറ്റി ആരാധനാലയമായി അനുവദിച്ചു കിട്ടുന്നതിന് അന്തിക്കാട് സ്വദേശി എഎ കുഞ്ഞിമുഹമ്മദ് നല്‍കിയ പരാതിയിന്‍മേല്‍ ജില്ലാ പോലിസ് മേധാവിയുടെയും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറോട് നടപടിയെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അയല്‍വാസിയുടെ മാനസിക പീഡനത്തിനെതിരെ കുരിയച്ചിറ സ്വദേശീ ജാസ്മിന്‍ ഫാറൂഖ് നല്‍കിയ പരാതി നിരവധി തവണത്തെ തെളിവെടുപ്പുകള്‍ക്കും വിചാരണകള്‍ക്കും ശേഷം ജില്ലാ പോലിസ് മേധാവിയോട് തീര്‍പ്പ് കല്‍പ്പിക്കാന്‍ നിര്‍ദേശിച്ച് കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു. കുരിയച്ചിറ സ്‌കൈലൈന്‍ ഫഌറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി എ കെ സോമനെതിരെയാണ് അതേ ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരി കൂടിയായ ജാസ്മിന്‍ ഫാറൂഖ് പരാതി നല്‍കിയത്. ചാലിന് കുറുകെ സ്ലാബിടുന്നതിന് പാരിതോഷികമായി സ്ഥലം കൗണ്‍സിലര്‍ 5 സെന്റ് ഭൂമി ആവശ്യപ്പെട്ട പരാതി തഹസില്‍ദാര്‍ കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരുടെ റിപോര്‍ട്ട് സഹിതം മലപ്പുറത്ത് നടക്കുന്ന അടുത്ത സിറ്റിങില്‍ പരിഗണിക്കാന്‍ കമ്മീഷന്‍ മാറ്റി വച്ചു.
കൗണ്‍സിലര്‍ ജയപ്രകാശിനെതിരെ പൂത്തോള്‍ സ്വദേശി റുക്‌സാന ഉമര്‍ ബാബുവാണ് പരാതി നല്‍കിയത്. പരാതിക്കാരി കോര്‍പറേഷന്‍ പുറമ്പോക്ക് കൈയേറിയതായി ജയപ്രകാശും പരാതി നല്‍കിയിരുന്നു. എല്‍ബിഎസില്‍ ഇന്‍സ്ട്രക്ടര്‍ ആക്കണമെന്നാവശ്യപ്പെട്ട് ക്ലര്‍ക്ക് കൂടിയായ എ എ മാരിയത്ത് നല്‍കിയ പരാതിയില്‍ വിസ്താരം കേട്ട കമ്മീഷന്‍ തിരുവനന്തപുരത്ത് ഹിയറിങ് നടത്താന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it