Idukki local

ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടു; വിദ്യാര്‍ഥിക്ക് നീതി ലഭിച്ചു

ഇടുക്കി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലില്‍ വിദ്യാര്‍ഥിക്കു നീതി. മൂന്നാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥിയായ കമ്പിളികണ്ടം സ്വദേശി അജസ് ടി ജോയിക്കാണ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചത്. മൂന്നാര്‍ എന്‍ജിനീയറിങ്  ഗവണ്‍മെന്റ് കോളജില്‍ 2016 ജൂലൈയിലാണ് അജസ് ഒരു വര്‍ഷത്തെ ഫീസ് മുഴുവന്‍ അടച്ച് പ്രവേശനം നേടിയത്. ഒന്നാം സെമസ്റ്ററിലെ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പൂര്‍ത്തീകരിക്കാന്‍ അജസിന് കഴിഞ്ഞില്ല. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പ്രവേശനസമയത്ത് കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അജസ് അപേക്ഷ നല്‍കി.
എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളിലെ ഫീസ് അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കൂവെന്ന നിലപാടാണ് കോളജ് അധികൃതര്‍ സ്വീകരിച്ചത്. ഏത് ഘട്ടത്തില്‍ വിദ്യാര്‍ഥി തങ്ങളുടെ പ്രവേശനം റദ്ദ് ചെയ്താലും, തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഫീസ് സ്ഥാപനം കുട്ടികളോട് ആവശ്യപ്പെടാന്‍ പാടില്ലായെന്നും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഏഴ് ദിവസത്തിനകം മടക്കി നല്‍കണമെന്നുമാണ് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ റീഫ് പോളിസി.
കോളജ് അധികൃതരില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആര്‍സിഎസ്‌സി വിഭാഗക്കാരനായ അജസ് ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിന്റെ 310/2017 ഉത്തരവ് പ്രകാരം 2017-18 അധ്യയന വര്‍ഷത്തിന് മുമ്പ് പ്രവേശനം നേടിയവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ലിക്വിഡേറ്റഡ് ഡാമേജെസ് അടയ്‌ക്കേണ്ട എന്ന ഉത്തരവ് എടുത്തുകാട്ടിയത്.
ജില്ലാ കലക്ടറേറ്റ് ഹാളില്‍ നടന്ന സിറ്റിങില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസാണ് കേസുകള്‍ പരിഗണിച്ചത്. ലഭിച്ച 12 കേസുകളില്‍ 6 എണ്ണവും തീര്‍പ്പാക്കി. ബാക്കിയുള്ളവ 28ന് ചേരുന്ന കമ്മീഷന്‍ സിറ്റിങില്‍ പരിഗണിക്കാന്‍ നീക്കിവച്ചു.
Next Story

RELATED STORIES

Share it