Flash News

ന്യൂനപക്ഷ കമ്മീഷനില്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ച് അംഗങ്ങളെ നിയമിച്ചു



ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച്  അംഗങ്ങളെ നിയമിച്ചു. യുപിഎ സര്‍ക്കാര്‍ കമ്മീഷനില്‍ നിയമിച്ച ഏഴ് അംഗങ്ങളുടെയും കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തോടെ ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളാരും ഇല്ലായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഖയറുല്‍ ഹസന്‍ ആയിരിക്കും കമ്മീഷന്റെ പുതിയ അധ്യക്ഷനെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തിലെ ബിജെപി നേതാവ് ജോര്‍ജ് കൂര്യന്‍, മഹാരാഷ്ട്രയിലെ മുന്‍മന്ത്രി സുലേഖ കുംഭാരെ, ഗുജറാത്തില്‍ നിന്നുള്ള ജൈന സമുദായ പ്രതിനിധി സുനില്‍ സിംഘി, ഉദ്‌വാഡ അതോര്‍നന്‍ അഞ്ചുമനിലെ മുഖ്യ പുരോഹിതന്‍ വഡ ദസ്തറുര്‍ജി ഖുര്‍ഷേദ് എന്നിവരാണ് മറ്റംഗങ്ങള്‍. ഏഴംഗ കമ്മീഷനിലേക്ക് രണ്ടുപേരെ വൈകാതെ നിയമിക്കും. 2014ല്‍ ജൈന സമുദായത്തെ ന്യൂനപക്ഷ ഗണത്തില്‍ പെടുത്തിയതിനു ശേഷം ആദ്യമായാണ് ജൈന പ്രതിനിധി ന്യൂനപക്ഷ കമ്മീഷനില്‍ അംഗമാവുന്നത്. മൂന്ന് വര്‍ഷമാണ് ഓരോ അംഗത്തിന്റേയും കാലാവധി. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ വിരമിച്ച ന്യായാധിപന്‍മാരോ അധ്യക്ഷ ചുമതല വഹിക്കുന്ന കമ്മീഷനില്‍ ആദ്യമായാണ് ന്യൂനപക്ഷ കാര്യങ്ങള്‍ വ്യക്തമായറിയാവുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അധ്യക്ഷ സ്ഥാനം വഹിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്രം നിയമിച്ച അംഗങ്ങളെല്ലാവരും കഴിവുള്ളവരാണെന്നും ന്യൂനപക്ഷ സമുദായ പ്രശ്‌നങ്ങള്‍ നീതിപൂര്‍വം കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുമെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ പ്രവീണ്‍ ധവര്‍ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ ജനസംഖ്യ കണക്കിലെടുത്ത് കമ്മീഷനില്‍ ഒരു മുസ്‌ലിം പ്രതിനിധിയെ കൂടി നിയമിക്കണം എന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it