Readers edit

ന്യൂനപക്ഷ കമ്മീഷനിലെ വെള്ളാനകള്‍

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷം തികയാറായിട്ടും ചട്ടം രൂപീകരിച്ചിട്ടില്ല. ഇപ്പോഴത്തെ കമ്മീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും കാലാവധി തീരാറാവുകയാണ്. ചെയര്‍മാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷമാണ്. 2013 ജൂണ്‍ അഞ്ചിനാണ് കമ്മീഷന്‍ രൂപീകരിച്ചത്. എന്നാല്‍, ചട്ടങ്ങളൊന്നും ഇല്ലാതെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.
ന്യൂനപക്ഷ കമ്മീഷനില്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. കമ്മീഷന്‍ 2016 ഫെബ്രുവരി 29 വരെ 1,203 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ 691 കേസില്‍ തീര്‍പ്പുകല്‍പിച്ചു. ഏറ്റവും കൂടുതല്‍ കേസുകളെടുത്തിട്ടുള്ളത് മലപ്പുറം ജില്ലയില്‍നിന്നാണ്- 279 കേസുകള്‍. 196 കേസുകളുമായി തൊട്ടുപിന്നില്‍ തിരുവനന്തപുരം ജില്ലയാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസെടുത്തിട്ടുള്ളത്- 27 എണ്ണം. കേസുകളുടെ എണ്ണം ജില്ലതിരിച്ചിട്ടുള്ളത് കൊല്ലം- 35, ആലപ്പുഴ- 60, കോട്ടയം- 43, ഇടുക്കി- 77, എറണാകുളം- 74, തൃശൂര്‍- 50, പാലക്കാട്- 40, കോഴിക്കോട്- 153, പത്തനംതിട്ട- 31, കണ്ണൂര്‍- 42, കാസര്‍കോട്- 96 എന്നിങ്ങനെയാണ്.
അഡ്വ. എം വീരാന്‍കുട്ടിയാണ് കമ്മീഷന്‍ ചെയര്‍മാന്‍. അഡ്വ. കെ പി മറിയുമ്മ, അഡ്വ. വി വി ജോഷി എന്നിവര്‍ അംഗങ്ങളാണ്. ചെയര്‍മാന് അലവന്‍സ് ഉള്‍പ്പെടെ 1,81,600 രൂപയാണ് പ്രതിമാസ ശമ്പളം. അംഗങ്ങള്‍ക്ക് 1,56,653 രൂപയും. പുറമേ പത്രം, ടെലിവിഷന്‍, ഫോണ്‍ ചെലവും യാത്രാപ്പടിയും ലഭിക്കുന്നു. ചട്ടങ്ങളൊന്നുമില്ലെങ്കിലും കമ്മീഷന്‍ രാജകീയ സൗകര്യത്തിലാണ് ജീവിക്കുന്നതെന്നു വ്യക്തം. കമ്മീഷനില്‍ 12 ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്.
കോടികള്‍ ചെലവഴിച്ച് പ്രവര്‍ത്തിക്കുന്ന കമ്മീഷന് കേസുകളില്‍ ശിക്ഷവിധിക്കാനുള്ള അധികാരമില്ല. കമ്മീഷനില്‍ കേസുകളിലെ കക്ഷികളെ വിളിച്ച് ഒത്തുതീര്‍പ്പുണ്ടാക്കാനേ കഴിയൂ. രാഷ്ട്രീയനേതാക്കളെ കുടിയിരുത്താനുള്ള ഇത്തരം കമ്മീഷനുകള്‍കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഗുണവും ഇല്ലെന്നു വ്യക്തമാണ്. ഇനിവരുന്ന സര്‍ക്കാരെങ്കിലും വെള്ളാനകളായ കമ്മീഷനുകള്‍ പിരിച്ചുവിട്ട് ഖജനാവില്‍നിന്നു ചെലവഴിക്കുന്ന പണം ലാഭിക്കുകയാണു വേണ്ടത്.

രാജു വാഴക്കാല
കാക്കനാട്

മദ്യനിരോധന നാടകം
മദ്യനയത്തില്‍ ഓരോഘട്ടത്തിലും വെള്ളം ചേര്‍ത്ത് വീര്യം കുറയ്ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇപ്പോള്‍ ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു കൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചിരിക്കുന്നു. തിരഞ്ഞെുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കുകയും മദ്യനയം ഭരണനേട്ടമായി കൊട്ടിഘോഷിക്കുകയും ചെയ്യുമ്പോഴാണ് ഈ നടപടി.

അന്‍വര്‍ സാദത്ത്
കുന്ദമംഗലം

ശാശ്വത പരിഹാരം
വെടിക്കെട്ടിലൂടെ എത്ര കോടികളാണ് കത്തിച്ചുകളയുന്നത്. അല്‍പനേരത്തെ സന്തോഷാരവത്തിനാണിതെല്ലാം. ശബ്ദമലിനീകരണവും ഭീതിയും അപകടങ്ങളും ദുരന്തങ്ങളും, പിന്നെ ദുരന്തത്തിനിരയായി മരിച്ചുജീവിക്കുന്നവരുടെ ദുരിതജീവിതവും ഒക്കെയാണു ഫലം.
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം നാം ഉണരും. അധികൃതര്‍ കച്ചമുറുക്കി ഇറങ്ങും. സര്‍ക്കാര്‍ ലക്ഷങ്ങള്‍ നല്‍കും. പിന്നെ എല്ലാം മെല്ലെ മറക്കും. ഇതിനൊരു ശാശ്വത പരിഹാരം വേണ്ടതുണ്ട്.

സൈനുദ്ദീന്‍ തൈലക്കണ്ടി
കാട്ടാമ്പള്ളി
Next Story

RELATED STORIES

Share it