ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ ഇന്ത്യ മുന്നില്‍: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ ഇന്ത്യ ലോകത്തില്‍ മുന്‍പന്തിയിലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. മതേതരത്വം എന്നത് ഇന്ത്യയുടെ ജനിതകഘടനയിലുള്ളതാണെന്നായിരുന്നു ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന്റെ വിവാദ കത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ മറുപടി. ഉത്തരേന്ത്യന്‍ ചര്‍ച്ചിനു കീഴിലുള്ള ഡല്‍ഹി രൂപതയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എന്നാല്‍, കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ മന്ത്രി തയ്യാറായില്ല, രാജ്യത്ത് പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും ഇത് ഭീഷണിയാണെന്നും കാണിച്ച് രാജ്യതലസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളിലേക്ക് മെയ് 12നാണ് ആര്‍ച്ച് ബിഷപ് അനില്‍ ക്യൂട്ടോ കത്തയച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളികളില്‍ പ്രാര്‍ഥനയും ഉപവാസവുമെടുത്തുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ബിഷപ് ആഹ്വാനം ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജ്യത്തിന്റെ വിശ്വാസ്യതയും വികസനവും തകര്‍ക്കുന്ന സ്ഥാപിത താല്‍പര്യക്കാരേയും പ്രവര്‍ത്തനങ്ങളേയും ഒരുമിച്ചു തോല്‍പ്പിക്കണമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും നഖ്‌വി പറഞ്ഞു.
ഭരണഘടനയുടെ മൂല്യങ്ങളും ജനാധിപത്യ ആശയങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും നഖ്‌വി പറഞ്ഞു. മതേതരത്വം, സാമൂഹ്യഐക്യം, സഹിഷ്ണുത എന്നിവ ഇന്ത്യയുടെ ജനിതക ഘടനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it