Flash News

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചതായി സംഘടനകള്‍



ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തെ മത- സാമൂഹിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചതായി അമേരിക്കന്‍ -ഇന്ത്യന്‍ സംഘടനകളുടെ സംയുക്ത സഖ്യം. ഇന്ത്യയിലെ ന്യൂനപക്ഷാവകാശ ലംഘനങ്ങള്‍ എന്ന റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്തോ -അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ദലിത് അമേരിക്കന്‍ കോലിഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് മൈനോറിറ്റീസ് ഫ്രം ഇന്ത്യ, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഇനീഷ്യേറ്റീവ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഭരണകൂടവും ഭരണകൂടത്തിന് പുറത്തുള്ള ശക്തികളും ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ശക്തമായ ആക്രമണങ്ങള്‍ നടത്തുന്നതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചു. ഇന്ത്യയിലും അന്താരാഷ്ട്രതലത്തില്‍ തന്നെയും അംഗീകരിച്ച വസ്തുതയാണത്. ഹിന്ദു മേല്‍ക്കോയ്മാവാദികളുടെ അധികാരപ്രയോഗങ്ങളില്‍ വലിയ വര്‍ധനവുണ്ടാവാന്‍ 2014ലെ വിജയം കാരണമായി. ഭരണകൂട സ്ഥാപനങ്ങളും ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഹിന്ദുത്വ ശക്തികളുടെ നിയന്ത്രണത്തിലാണെന്നതും അവര്‍ ന്യൂനപക്ഷവിരുദ്ധ പ്രചാരണങ്ങളില്‍ പങ്കാളികളാവുന്നതും ആശങ്കാജനകമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it