Editorial

ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാന്‍ പാടുപെടുമ്പോള്‍

മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങളുമായി അടുപ്പം സ്ഥാപിക്കാന്‍ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുപോരുന്നത് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചില ബിജെപി നേതാക്കന്മാരുടെയും സംഘപരിവാര സംഘടനകളുടെയും തീവ്രനിലപാടുകള്‍ ന്യൂനപക്ഷസമുദായക്കാര്‍ക്കിടയിലുണ്ടാക്കിയ ആശങ്കകളുടെ പശ്ചാത്തലത്തില്‍ വേണം ഈ ശ്രമത്തെ കാണാന്‍. രാഷ്ട്രീയ ഈസായി മഞ്ചും മുസ്‌ലിം രാഷ്ട്രീയ മഞ്ചും സജീവമാക്കിക്കൊണ്ടാണ് രണ്ടു കൂട്ടരെയും ഒപ്പം കൊണ്ടുപോവാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്.ക്രിസ്ത്യന്‍-മുസ്‌ലിം സമുദായങ്ങള്‍ക്ക് പ്രാബല്യമുള്ള കേരളത്തിലാണ് ഹിന്ദുത്വരാഷ്ട്രീയം ഈ സൂത്രം കാര്യമായി പ്രയോഗിക്കുന്നത്. കുമ്മനം രാജശേഖരനെ ഹിന്ദു ഐക്യവേദിയുടെ നേതൃസ്ഥാനത്തുനിന്നു പിടിച്ചുകൊണ്ടുവന്ന് ബിജെപി അധ്യക്ഷനാക്കിയത് എന്‍എസ്എസിനെ കൂട്ടത്തില്‍ കൂട്ടാനാണത്രെ. കുമ്മനത്തിന് വ്യത്യസ്ത ക്രിസ്തീയസഭകളുമായും നല്ല അടുപ്പമുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ മഞ്ചുകളുണ്ടാക്കി സ്വാധീനം സ്ഥാപിക്കാന്‍ കൂടി സാധിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും എന്നാണു വിചാരം. ഇത് ബിജെപിയുടെ മാത്രം രീതിയല്ല. കോണ്‍ഗ്രസ്സും സിപിഎമ്മുമൊക്കെ കാലാകാലങ്ങളില്‍ ന്യൂനപക്ഷസമുദായങ്ങളെ പ്രീണിപ്പിക്കാന്‍ സമാന തന്ത്രങ്ങള്‍ തന്നെയാണ് കൈക്കൊള്ളാറുള്ളത്. മുസ്‌ലിംകളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ വേണ്ടി ട്രസ്റ്റുകളും ഫൗണ്ടേഷനുകളുമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് സിപിഎം. മുസ്‌ലിംലീഗിന്റെ ജനസ്വാധീനത്തെ മറികടക്കാന്‍ പ്രോഗ്രസ്സീവ് ലീഗ് മുതലിങ്ങോട്ട് പലതരം ലീഗുകളുണ്ടാക്കിപ്പോന്നിട്ടുമുണ്ട് പാര്‍ട്ടി. ഇപ്പോഴും ഇടതുപക്ഷത്തിന്റെ കീശയില്‍ ചില മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്, മുഖ്യധാരയെന്ന പേരിലൊരു പ്രസിദ്ധീകരണമുണ്ട്. തന്ത്രമന്ത്രങ്ങളിലൂടെ മുസ്‌ലിം ജനസാമാന്യത്തെ കൂടെ നിര്‍ത്തുക എന്നതു മാത്രമാണ് ഇതിന്റെയെല്ലാം ലക്ഷ്യം. ഇത്തരം ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ അടിയറവുപറയുമോ ന്യൂനപക്ഷങ്ങള്‍ എന്നതാണ് ചോദ്യം. ബിജെപിയോട് മുസ്്‌ലിം സമുദായം ആഭിമുഖ്യം കാണിക്കുമെന്ന പ്രതീക്ഷ കാര്യമായി ആര്‍ക്കുമില്ല. പക്ഷേ, ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ടും സഹായിക്കുമെന്ന ഒഴികഴിവിന്റെ ബലത്തില്‍ കാവിരാഷ്ട്രീയത്തോട് രാജിയാവാന്‍ ചില മുസ്‌ലിം പണ്ഡിതന്മാര്‍ മടികാണിക്കാതിരുന്നിട്ടുമില്ല. ക്രിസ്തീയസഭാ നേതാക്കന്മാര്‍ കുറേക്കൂടി മുന്നോട്ടുപോയി. ആറന്മുളയില്‍ മാര്‍ത്തോമ്മാസഭയുടെ ആഭിമുഖ്യത്തില്‍ കുമ്മനം രാജശേഖരന് നല്‍കിയ സ്വീകരണം സഭാനേതൃത്വത്തിന്റെ നിലപാടുകളില്‍ വരുന്ന മാറ്റത്തിന്റെ സൂചനയാണ്. മാര്‍ ക്രിസോസ്റ്റം തിരുമേനിയുള്‍പ്പെടെ പല അത്യുന്നത സഭാപിതാക്കന്മാരും സ്വീകരണത്തില്‍ പങ്കെടുത്തു. മുസ്‌ലിംകള്‍ക്കിടയിലും ചിലരെങ്കിലും ബിജെപി ചായ്‌വ് കാണിക്കുന്നുണ്ട്. എന്നാല്‍, തങ്ങളെ തന്ത്രങ്ങള്‍ ഉപയോഗിച്ച് മയക്കിയെടുക്കുകയും കാഴ്ചപ്പണ്ടങ്ങളാക്കിനിര്‍ത്തി വോട്ടുകള്‍ നേടിയെടുക്കുകയും ചെയ്യാനുള്ള ഫാഷിസ്റ്റ്-കമ്മ്യൂണിസ്റ്റ് തന്ത്രങ്ങളെ ന്യൂനപക്ഷസമുദായങ്ങള്‍ ചെറുത്തുതോല്‍പിക്കുമെന്നു തന്നെയാണ് അപ്പോഴും കരുതേണ്ടത്. കാരണം, അവര്‍ക്ക് അവരുടേതായ അടിസ്ഥാന പ്രമാണങ്ങളും രാഷ്ട്രീയ തിരിച്ചറിവുകളുമുണ്ട് എന്നതു തന്നെ.
Next Story

RELATED STORIES

Share it