malappuram local

ന്യൂനപക്ഷങ്ങളുടെ മനസ്സ് കീഴടക്കല്‍ പ്രധാന ചര്‍ച്ചയാവും

മലപ്പുറം: മുസ്്‌ലിം മനസ്സുകളില്‍ കടന്നുകയറാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം. ഇന്നുമുതല്‍ മൂന്നു ദിവസങ്ങളിലായി പെരിന്തല്‍മണ്ണ പടിപ്പുര സ്റ്റേഡിയത്തിലാണ് സമ്മേളനം. ന്യൂനപക്ഷ മനസ്സുകള്‍ കീഴടക്കുന്നതിനെച്ചൊല്ലിതന്നെയായിരിക്കും സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച നടക്കുക. അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ പല നടപടികളും ന്യൂനപക്ഷ വിരുദ്ധമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ മറികടക്കാനുള്ള ആലോചനകള്‍ സമ്മേളനത്തില്‍ ഉയരുമെന്നാണ് അറിയുന്നത്.  ഇതിനിടയിലും ജില്ലയില്‍ അംഗത്വ വര്‍ധനയുണ്ടായിട്ടുണ്ട്. വിവാദങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ വളര്‍ച്ച ത്വരിതഗതിയിലാവുമായിരുന്നുവെന്നും ഏരിയാ സമ്മേളനങ്ങളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് കൂടിയതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയതും ന്യൂനപക്ഷങ്ങളില്‍ പാര്‍ട്ടിക്ക് കടന്നു കയറാനായെന്നതാണ് കാണിക്കുന്നത്.  നിലവില്‍ 28,604 മെംബര്‍മാരാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ സമ്മേളനകാലത്ത് ഇത് 23,267 ആയിരുന്നു. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സിപിഎമ്മില്‍ സജീവമായി നടക്കുന്നത്. നിലവിലെ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അനാരോഗ്യംമൂലം സ്ഥാനം ഒഴിയുമ്പോള്‍ പകരം ആരെന്നതിനെച്ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍, കൂട്ടായി ബഷീര്‍,പി നന്ദകുമാര്‍ എന്നിവരുടെ പേരാണ് സെക്രട്ടറി സ്ഥാനത്തേയ്ക്കുയര്‍ന്നു കേള്‍ക്കുന്നത്. നേതൃദൗര്‍ബല്യം ഏരിയാ സമ്മേളനങ്ങളില്‍ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനമായിരുന്നു. ജില്ലാ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരില്ലെന്നായിരുന്നു വിമര്‍ശനം. ഇത് പാര്‍ട്ടിയുടെ വളര്‍ച്ച തടസ്സപ്പെടുത്തുന്നു. മന്ത്രി കെ ടി ജലീലിനെതിരേ എടപ്പാളില്‍ ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ മലയോര മേഖലയിലും വിമര്‍ശനമുണ്ട്. ഇത് സമ്മേളനങ്ങളിലും ഉയരുമെന്നാണ് അറിവ്. നേതാക്കള്‍ക്ക് മുസ്്‌ലിംലീഗ് നേതാക്കളുമായുള്ള സൗഹൃദം ലീഗിനെതിരേ പലപ്പോഴും ശക്തമായ നിലപാടെടുക്കുന്നതില്‍നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ലീഗിനെതിരേ ശക്തമായ നിലപാടെടുത്തെങ്കില്‍ മാത്രമേ പാര്‍ട്ടിക്ക് ജില്ലയില്‍ വളരാനാവുവെന്നാണ് ഭൂരിപക്ഷാഭിപ്രായം. ജില്ലാ സമ്മേളനത്തിനുമുന്നോടിയായി ഇന്നലെ പതാക-ദീപശിഖ കൊടിമര ജാഥകള്‍ പെരിന്തല്‍മണ്ണയില്‍ സംഗമിച്ചു. പൊതുസമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക പൊന്നാനിയിലെ ഇ കെ ഇമ്പിച്ചി ബാവയുടെ വസതിയില്‍നിന്നുമാണെത്തിച്ചത്. കുഞ്ഞാലി അന്ത്യവിശ്രമം കൊള്ളുന്ന കാൡകാവില്‍ നിന്നുള്ള കൊടിമര ജാഥയും ഏലങ്കുളത്തുനിന്നുള്ള ദീപശിഖാ ജാഥയും പടിപ്പുര മൈതാനിയില്‍ സംഗമിച്ചു.
Next Story

RELATED STORIES

Share it