malappuram local

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കമ്മീഷന്‍

മലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും സൂക്ഷ്മമായി പഠിച്ച് വ്യക്തതയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ടെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എം വീരാന്‍ കുട്ടി പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ പരാതികള്‍ പരിഗണിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 48 പരാതികളാണ് സിറ്റിങില്‍ ലഭിച്ചത്. ഇതില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി.
തിരൂര്‍ നഗരസഭയില്‍ പ്രാദേശിക നിരീക്ഷണ സമിതിയുടെ നിര്‍ദേശ പ്രകാരം വീട് നിര്‍മിക്കുന്നതിന് ഭൂമിക്ക് അനുമതി, ഡ്രാഫ്റ്റ്‌സ്മാന്‍ ഓവര്‍സിയര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അഡൈ്വസ് മെമ്മോ വഴി ജോലി തുടങ്ങിയ പരാതികളാണ് പരിഹരിച്ചത്. പരിസരവാസികളുടെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ കിണറില്‍ കലരുന്നതായി മലപ്പുറം സ്വദേശി നല്‍കിയ പരാതി വാസ്തവമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വളാഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് ഈ പരാതി പരിഹരിക്കുന്നതിന് കമ്മീഷന്‍ കഴിഞ്ഞ സിറ്റിങില്‍ നിര്‍ദേശം നല്‍കിയിരുന്നു.
പരാതി പരിഹരിച്ചതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 12 വര്‍ഷമായി സര്‍ക്കാര്‍ പാര്‍ട് ടൈം സ്വീപ്പര്‍മാരായി ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളുടെ ജോലി സ്ഥിരപ്പെടുത്തി നല്‍കണമെന്ന പരാതിയില്‍ ജോലി സ്ഥിരപ്പെടുത്തന്നതിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മാറാക്കര പഞ്ചായത്തില്‍ മോട്ടോര്‍ പുരയിലെ ഷീറ്റില്‍ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുള്ള കുട്ടി മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം, പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവം തുടങ്ങിയ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നു കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. അടുത്ത സിറ്റിങ് 17ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കും. കമ്മീഷന്‍ അംഗങ്ങളായ വി വി ജോഷി, കെ പി മറിയുമ്മ, രജിസ്ട്രാര്‍ കെ ബി പ്രേമചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it