ന്യൂനപക്ഷക്ഷേമ വകുപ്പിന് 309 കോടിയുടെ പദ്ധതി നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളിലായി 269 പ്രൊജക്റ്റുകള്‍ക്ക് 309.62 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പതിനഞ്ചിന പരിപാടിയിലാണ് തീരുമാനം. മലപ്പുറം (95.70), പാലക്കാട് (33.82), കൊല്ലം (42.57), വയനാട് (33.70), കണ്ണൂര്‍ (31.83), ആലപ്പുഴ (58.68), തിരുവനന്തപുരം (7.66), കാസര്‍കോട് (5.65) ജില്ലകളിലെ 269 പ്രൊജക്റ്റുകള്‍ക്കാണ് കേന്ദ്രസഹായം തേടിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ 73 പ്രദേശങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷക്ഷേമത്തിനായുള്ള സംസ്ഥാനതല അവലോകനയോഗത്തില്‍ കൂടുതല്‍ പദ്ധതികള്‍ യഥാസമയം തയ്യാറാക്കി അയക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഭൗതിക സൗകര്യവികസനത്തിനായുള്ള ഐഡിഎംഐ പദ്ധതിയില്‍ രണ്ടാം ഗഡുവായി അനുവദിച്ച 28.04 കോടി രൂപ 134 സ്ഥാപനങ്ങള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. മദ്‌റസാ നവീകരണത്തിന്‍ കീഴില്‍ നല്‍കിയ തുകയുടെ വിനിയോഗപത്രം യഥാസമയം സമര്‍പ്പിക്കാത്ത മാനേജ്—മെന്റുകളു—ടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കും. മതസൗഹാര്‍ദത്തിനുള്ള ജില്ലാതല അവലോകനസമിതി യോഗങ്ങള്‍ കൃത്യമായി കൂടേണ്ടതാണെന്ന് ചീഫ് സെക്രട്ടറി കലക്ടറോട് നര്‍ദേശിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കായി ആവിഷ്—കരിച്ച ഇമ്പിച്ചി ബാവ ഭവനനിര്‍മാണ പദ്ധതി വിപുലീകരിക്കണമെന്ന് എ എം ആരിഫ് എംഎല്‍എ ആവശ്യപ്പെട്ടു. പദ്ധതിയില്‍ പത്തനംതിട്ട, തൃശൂര്‍ ജില്ലകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് എം ഐ ഷാനവാസ് എംപി, രാജു എബ്രഹാം എംഎല്‍എ എന്നിവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രത്തോട് ശുപാര്‍ശചെയ്യുന്നതിനും യോഗം തീരുമാനിച്ചു.



Next Story

RELATED STORIES

Share it