357 മല്‍സ്യത്തൊഴിലാളികളെ രക്ഷിച്ചതായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 357 മല്‍സ്യത്തൊഴിലാളികളെ ഇതുവരെ രക്ഷിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ നേവിയുടെ സംഘം ലക്ഷദ്വീപില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്ന് 25 പേരെയാണ് സേന രക്ഷിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 321 മല്‍സ്യത്തൊഴിലാളികളുമായി 28ലധികം ബോട്ടുകള്‍ എത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതില്‍ 23 ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്നെണ്ണം കേരളത്തിലെയും രണ്ടെണ്ണം കര്‍ണാടകയില്‍ നിന്നുമുള്ളതാണ്. രത്‌നഗിരിയിലെ മിര്‍യാ ബന്ദറിലാണ് ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നതെന്നും മല്‍സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം 66 മല്‍സ്യബന്ധന ബോട്ടുകളാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. ഇവയില്‍ ആകെ 952 മല്‍സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നാവികസേന രക്ഷിച്ച നാലു തൊഴിലാളികളെ ശംഖുമുഖത്തും 16 പേരെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു.
Next Story

RELATED STORIES

Share it