Cricket

ന്യൂഡല്‍ഹിയില്‍ ശ്രീലങ്ക കിതയ്ക്കുന്നു

ന്യൂഡല്‍ഹിയില്‍ ശ്രീലങ്ക കിതയ്ക്കുന്നു
X



ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക കിതക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 31 റണ്‍സെന്ന നിലയിലാണുള്ളത്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 379 റണ്‍സുകൂടി വേണം. ധനഞ്ജയ് ഡി സില്‍വ (13), ഏയ്ഞ്ചലോ മാത്യൂസ് (0) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 373 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.നാലാം ദിനം ഒമ്പത് വിക്കറ്റിന് 356 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയുടെ ചെറുത്ത് നില്‍പ്പ് 373 റണ്‍സില്‍ അവസാനിച്ചു. ലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമാലിന്റെ (164) ഉജ്ജ്വല ബാറ്റിങാണ് ലങ്കയെ മാന്യമായ സ്‌കോറിലേക്കെത്തിച്ചത്. സണ്ടകന്‍ (0) പുറത്താവാതെ നിന്നെങ്കിലും ചണ്ഡിമാലിനെ ഇഷാന്ത് ശര്‍മ ശിഖര്‍ ധവാന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 163 റണ്‍സിന്റെ ലീഡ് ഇന്ത്യക്കൊപ്പം നിന്നു. ഇന്ത്യക്കുവേണ്ടി രവിചന്ദ്ര അശ്വിനും ഇഷാന്ത് ശര്‍മയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകളും അക്കൗണ്ടിലാക്കി. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ മുരളി വിജയിയുടെ (9) വിക്കറ്റ് നഷ്ടമായി.  ബാറ്റിങ് പ്രമോഷനോടെയെത്തിയ അജിന്‍ക്യ രഹാനെയും (10) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് രണ്ട് വിക്കറ്റിന് 29 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ശിഖര്‍ ധവാന്‍ (67) ചേതേശ്വര്‍ പുജാര കൂട്ടുകെട്ട് (49) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് അടിത്തറയേകുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 77 റണ്‍സാണ് ഇരുവരും ഇന്ത്യക്ക് സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ വെച്ച് പുജാരയെ മടക്കി ധനഞ്ജയ് ഡി സില്‍വയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 91 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ട ധവാന്റെ ഇന്നിങ്‌സിന് ലക്ഷന്‍ സണ്ടകന്‍ വിരാമമിട്ടു. പിന്നീടൊത്തുചേര്‍ന്ന വിരാട് കോഹ്‌ലി (50) രോഹിത് ശര്‍മ സഖ്യമാണ് (50*) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 200 കടത്തിയത്.  58 പന്തില്‍ മൂന്ന് ഫോറുകള്‍ അടക്കം അര്‍ധ ശതകം പൂര്‍ത്തിയാക്കിയ കോഹ്‌ലി ഗമേഗയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. തൊട്ടുപിന്നാലെ 52.2 ഓവറില്‍ അഞ്ചിന് 246 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ 410 റണ്‍സിന്റെ വിജയ ലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. ലങ്കന്‍ നിരയില്‍ ലക്മാല്‍, ഗമേഗ, പെരേര, സില്‍വ, സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ലങ്കന്‍ ബാറ്റിങ് നിരയ്ക്ക് വീണ്ടും കാലിടറിയതോടെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പേ മൂന്ന് താരങ്ങള്‍ കൂടാരം കയറി. ഓപണര്‍ സമരവിക്രമ (5) മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗണ്‍സറില്‍ കുടുങ്ങി വൃധിമാന്‍ സാഹയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. നേരിയ ചെറുത്ത് നില്‍പ്പിന് ശേഷം മറ്റൊരു ഓപണറായ ദിമുത് കരുണരത്‌നയെ (13) രവീന്ദ്ര ജഡേജ സാഹയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ (0) സുരങ്ക ലക്മാലിനെ ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്‌തെങ്കിലും ഏയ്ഞ്ചലോ മാത്യൂസും  ധനഞ്ജയ് ഡി സില്‍വയും ചേര്‍ന്ന് കൂടുതല്‍ അപകടം വരാതെ ലങ്കയെ രക്ഷിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it