kozhikode local

ന്യായാധിപന്‍മാര്‍ക്കുപോലും പരസ്യമായി പ്രതികരിക്കേണ്ടവിധം ഇന്ത്യന്‍ വ്യവസ്ഥ സങ്കീര്‍ണമായി: കെഇഎന്‍

കോഴിക്കോട്: ന്യായാധിപന്‍മാര്‍ പോലും പരസ്യമായി പ്രതികരിക്കേണ്ടിവരുന്നവിധം ഇന്ത്യന്‍ പശ്ചാത്തലം സങ്കീര്‍ണമായതായി സാംസ്‌കാരിക ചിന്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്. സന്‍മാര്‍ഗ കേരളം സംഘടിപ്പിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഒരു ഹിന്ദു സന്യാസി ഖുര്‍ആന്‍ വായിക്കുന്നു എന്ന പുസ്തകത്തെ അധികരിച്ചു നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം സഹിക്കുക എന്നതല്ല സഹിഷ്ണുത.
ഒരാളെ ഭയപ്പെടുന്നതിലൂടെ രൂപപ്പെടുന്ന സഹിഷ്ണുത വലിയ അശ്ലീലമാണ്. ഇത്തരം സഹിഷ്ണുതയ്ക്കു പകരം നൈതിക ധീരതയാണ് ഉണ്ടാവേണ്ടത്. തങ്ങളില്‍ തന്നെ നിവര്‍ന്നു നില്‍ക്കാനും തന്നെത്തന്നെ അഭിമുഖീകരിക്കാനും സാധിക്കുന്ന വ്യക്തിത്വങ്ങളാണ് ഉണ്ടാവേണ്ടത്. അത്തരം വ്യക്തിത്വങ്ങള്‍ ഇല്ലാതാവുന്നു എന്നതാണ് ഇക്കാലത്തെ വലിയ ദുരന്തം. ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ളവ വേദഗ്രന്ഥങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ക്കും അവ വേദഗ്രന്ഥമല്ല എന്നു വിശ്വസിക്കുന്നവര്‍ക്കും ഒരേ വിശ്വാസം പുലര്‍ത്തി ജീവിക്കാന്‍ സാധിക്കണം. മതങ്ങളെ ക്കുറിച്ച് ചര്‍ച്ച് ചെയ്യുമ്പോള്‍ മതരഹിതരെ മാറ്റി നിര്‍ത്തുന്ന പ്രവണത ശരിയല്ല.
എല്ലാ വ്യത്യസ്തതകള്‍ക്കും ഇടമുള്ള ഭരണഘടനയ്ക്കു കീഴിലാണ് ഇന്ത്യ പുലരുന്നത്. ഏത് ആരാധനാലയങ്ങളും അന്യമതസ്ഥരെ ഭയപ്പെടുത്തുകയല്ല ആശ്വാസം നല്‍കുകയാണ് വേണ്ടതെന്നും, ഇന്ത്യന്‍ മതേതരത്വം അതാണ് പ്രതീക്ഷിക്കുന്നതെന്നും കെഇഎന്‍ പറഞ്ഞു.
ഡോ. ഹുസയ്ന്‍ മടവൂര്‍, പി കെ മുഹമ്മദ് ശരീഫ ഹുദവി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ പി എം ഹാരിസ് സംസാരിച്ചു. ഖുര്‍ആന്റെ ആശയങ്ങളെ കാവ്യാത്മകമായി ഇടക്കയിലൂടെ അവതരിപ്പിക്കുന്ന അമൃതസോപാനവും ചടങ്ങിനോടനുബന്ധിച്ചു നടന്നു. യാസിന്‍ കുറ്റിയാടി, മണികണ്ഠന്‍ പെരിങ്ങോട് എന്നിവര്‍ ചേര്‍ന്നാണ് അമൃതസോപാനം അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it