Kottayam Local

ന്യായവില മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നു മാറി നല്‍കി

ആര്‍പ്പുക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യായവില മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും രോഗികള്‍ക്ക് മരുന്നു മാറി നല്‍കി.മരുന്ന് മാറി നല്‍കിയ വിവരം രോഗികളുടെ ബന്ധുക്കള്‍  മരുന്ന് ഷോപ്പിലെ ജീവനക്കാരികളോടു പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വായിച്ച് നോക്കിയിട്ടു മരുന്ന് കൊണ്ടു പോയിക്കൂടെ എന്നായിരുന്നു മറുപടി.  സംക്രാന്തി സ്വദേശിയായ രതീഷി (35)ന് ലഭിച്ച മരുന്നും, കോട്ടയം സ്വദേശിയായ ഒരു ഗൃഹനാഥനും ലഭിച്ച മരുന്നുകളുമാണ്  പരസ്പരം മാറിയത്. കഴിഞ്ഞ മൂന്നിനായിരുന്നു രതീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.വീടിന്റെ മുകള്‍ഭാഗം വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി താഴെ വീണു രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
12 ന് രണ്ടു കാലും ഓപറേഷന് വിധേയമാക്കി. ശേഷം വാര്‍ഡിലെത്തിയ ഡോക്ടര്‍ വിവധ മരുന്നുകള്‍ വാങ്ങുവാന്‍ കുറിപ്പ് നല്‍കി. ഈ കുറിപ്പുമായി രതിഷിന്റെ ഭാര്യ അശ്വതി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടറില്‍ ചെന്ന് കുറിപ്പ് സീല്‍ ചെയ്ത ശേഷം തൊട്ടടുത്ത ന്യായവില മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്ന വാങ്ങാന്‍  കുറിപ്പ് നല്‍കി.ഒരു മണിക്കുര്‍ കാത്തു നിന്ന ശേഷം മരുന്ന് കിട്ടി.
തുടര്‍ന്ന് വാര്‍ഡിലെത്തി മരുന്ന് നേഴ്‌സിന്റെ കൈവശം കൊടുത്തു. സംശയം തോന്നിയ നേഴ്‌സ് ഡോക്ടറുടെ കൈവശം മരുന്നു നല്‍കിയപ്പോഴാണ് ഈ മരുന്ന് മെഡിസിന്‍ വിഭാഗം രോഗികള്‍ക്കുള്ളതാണെന്ന് അറിയുന്നത്.ഉടന്‍തന്നെ ഈ മരുന്നുകളുമായി മെഡിക്കല്‍ ഷോപ്പിലെത്തിപ്പോഴാണ് മെഡിസിന്‍ വിഭാഗത്തിലെ രോഗിയുടെ ബന്ധു മരുന്ന് മാറിയെന്ന പരാതിയുമായി മെഡിക്കല്‍ സ്‌റ്റോറില്‍ നില്‍ക്കുന്നത് കണ്ടത്.പിന്നീട് ഇരുവരും ചേര്‍ന്ന് മരുന്നുകള്‍ തിരികെ നല്‍കിയപ്പോഴാണ് ജീവനക്കാരികള്‍ ഇവരെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്.  ആശുപത്രി വികസന സമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ മെഡിക്കല്‍ സ്റ്റോര്‍.
Next Story

RELATED STORIES

Share it