Flash News

ന്യായം ആരുപറഞ്ഞാലും അവരെ തീവ്രവാദിയെന്നു വിശേഷിപ്പിക്കുന്നതു ശരിയല്ല: പി കെ കുഞ്ഞാലിക്കുട്ടി

ന്യായം ആരുപറഞ്ഞാലും അവരെ തീവ്രവാദിയെന്നു വിശേഷിപ്പിക്കുന്നതു ശരിയല്ല: പി കെ കുഞ്ഞാലിക്കുട്ടി
X


മലപ്പുറം : ജനങ്ങളെ മര്‍ദ്ദിച്ചുകൊണ്ടും ജനസാന്ദ്രതയേറിയ ഭാഗത്തുകൂടിയും ഗെയില്‍ പദ്ധതി നടപ്പിലാക്കരുതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുന്ന സ്ഥലത്ത് ജനങ്ങളുമായി ചര്‍ച്ച ചെയ്ത് പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയേ പദ്ധതി നടപ്പാക്കാനാവൂ. ചില തീവ്രവാദ സ്വഭാവമുള്ളവരാണു സമരത്തിനു പിന്നിലെന്ന് ആരോപണമുണ്ടല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ന്യായം ആരുപറഞ്ഞാലും അവരെ തീവ്രവാദിയെന്നു വിശേഷിപ്പിക്കുന്നതു ശരിയല്ല. മുക്കം എരഞ്ഞിമാവില്‍ സമരത്തിന് സിപിഎമ്മുകാരും ലീഗുകാരുമുണ്ട്. എല്ലാവര്‍ക്കും തീവ്രവദി പട്ടം ചാര്‍ത്തുന്നത് ശരിയല്ല. ആരുപറഞ്ഞാലും പറയുന്നതില്‍ ന്യായമുണ്ടോയെന്നാണു നോക്കേണ്ടത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗെയില്‍ പദ്ധതിയോട് യുഡിഎഫും മുസ്‌ലിംലീഗ് പാര്‍ട്ടിയും ഒരിക്കലും എതിരല്ല. എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടാവണം പദ്ധതി നടപ്പാക്കേണ്ടത്. ജനങ്ങളെ മര്‍ദ്ദിച്ചുകൊണ്ട് ഒരിക്കലും പദ്ധതി നടപ്പാക്കാനാവില്ല. മുക്കം എരഞ്ഞിമാവില്‍ ജനസാന്ദ്രതയേറിയ ഭാഗത്തുകൂടിയാണു ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ആശങ്ക നിലനില്‍ക്കുന്ന ഇവിടെ ജനങ്ങളുമായി ചര്‍ച്ച ചെയ്തുവേണം പദ്ധതി നടപ്പാക്കാന്‍.  ജനസാന്ദ്രയേറിയ ഇടങ്ങളില്‍ അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറാവണം. സമരക്കാര്‍പോലും പദ്ധതിക്കെതിരല്ല. എന്നാല്‍ ജനസാന്ദ്രതയേറിയ ഇടങ്ങളിലൂടെ പദ്ധതി നടപ്പാക്കാന്‍ പറ്റില്ലെന്നാണ് ഇവര്‍ തന്നെ ആവശ്യപ്പെടുന്നത്. ഗെയില്‍ കമ്പനിയിട്ട അലൈന്‍മെന്റ് തന്നെ ശരിയെന്നാണു കമ്പനി വാദിക്കുന്നത്. ഈ നിലപാട് കമ്പനി തിരുത്തണം. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്നപ്പോഴും കമ്പനിയെ ഈ ആശങ്ക അറിയിച്ചിരുന്നു. ഔദ്യോഗികമായി മുസ്‌ലിംലീഗ് പാര്‍ട്ടി സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നിലവിലെ അലൈന്‍മെന്റില്‍ തെറ്റുണ്ടെങ്കില്‍ അതുമാറ്റാന്‍ തയ്യാറാവണം. സംസ്ഥാന സര്‍ക്കാരിന്  ഇതിലിടപെടാന്‍ സാധിക്കും. വിഷയം യുഡിഎഫും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അലൈന്‍മെന്റ് മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാവും. ഇത് ജനങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. കഴിഞ്ഞ ദിവസം എരഞ്ഞിമാവിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റവരെ സന്ദര്‍ശിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

[related]
Next Story

RELATED STORIES

Share it