thrissur local

നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ നഗരത്തില്‍ നോക്കുകുത്തികളായി മാറുന്നു

വടക്കാഞ്ചേരി: ഓട്ടുപാറ നഗരഹൃദയത്തില്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ് അവിടെയുള്ള നോ പാര്‍ക്കിങ് ബോര്‍ഡുകള്‍. ഭക്ഷണശാലകള്‍ക്കും മറ്റു കടകള്‍ക്കും മുന്‍പില്‍ പാര്‍ക്കിങ് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് അനധികൃത പാര്‍ക്കിങ് തുടരുന്നത്. ഓട്ടുപാറ ബസ്സ്റ്റാന്റിനു മുന്‍വശത്ത് നിരന്നു കിടക്കുന്ന ഇരുചക്രവാഹങ്ങളും നോ പാര്‍ക്കിങ് ബോര്‍ഡുകളെ നോക്കി ഗോഷ്ഠി കാണിക്കുകയാണ്. ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് വണ്ടികള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ വലിയതോതില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതും നിത്യസംഭവമാണ്. സിഗ്‌നല്‍ സംവിധാനം പോലുമില്ലാത്ത ഓട്ടുപാറ ടൗണിലെ ഗതാഗത തടസ്സങ്ങള്‍ നിയന്ത്രിക്കാന്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു തുടങ്ങിയാല്‍ ചെറിയ രീതിയിലെങ്കിലും സഹായകരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരക്കുള്ള ഏതെങ്കിലും വ്യാപാര സ്ഥാപനത്തിലേക്കു കയറുന്ന വാഹനത്തിലെ യാത്രികര്‍ അതിനു മുന്‍പില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യൂ എന്ന സമീപനവും നിലനില്‍ക്കുന്നുണ്ട്. ഈ മനോഭാവം മാറണമെങ്കില്‍ കര്‍ശന നടപടി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണം. നോ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തിയാല്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല എന്നതാണ് ഈ സമീപനം തുടരാന്‍ വാഹന ഉടമകളെ പ്രോല്‍സാഹിപ്പിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it