kasaragod local

നോര്‍ക്ക ഓഫിസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ ശുപാര്‍ശ ചെയ്യും: പ്രവാസി ഭാരതീയര്‍ കമ്മീഷന്‍

കാസര്‍കോട്്്: പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്‍ ഗസ്റ്റ് ഹൗസില്‍ അദാലത്ത് നടത്തി. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് പി ഭവദാസന്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ആസാദ് തിരൂര്‍, മെംബര്‍ സെക്രട്ടറി എച്ച് നിസാര്‍, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധി ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. മൊത്തം 36 പരാതികളാണ് ജില്ലയില്‍ ആദ്യമായി നടത്തിയ കമ്മീഷന്‍ സിറ്റിങില്‍ പരിഗണിച്ചത്. 20 പരാതികള്‍ തീര്‍പ്പാക്കി. മറ്റുള്ള പരാതികള്‍ തുടര്‍നടപടികള്‍ക്കായി മാറ്റി. അടുത്ത സിറ്റിങ് മെയ് 16ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കും.
ജില്ലയിലെ നോര്‍ക്ക ഓഫിസ് ആഴ്ചയില്‍ എല്ലാദിവസവും തുറന്നുപ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ അറിയിച്ചു. നിലവില്‍ ആഴ്ചയില്‍ വ്യാഴം, വെള്ളി ദിവസ—ങ്ങളിലാണ്് നോര്‍ക്ക ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും നോര്‍ക്ക ഓഫിസ് പ്രവര്‍ത്തിക്കാത്തതും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതും പ്രവാസികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതായി കമ്മീഷനില്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലകളിലൊന്നാണ് കാസര്‍കോട്.
പ്രവാസികള്‍ക്ക് അധികം നിബന്ധനകള്‍ ഇല്ലാതെ വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനും സര്‍ക്കാരിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. നിലവില്‍ എസ്ബിഐ, യുനിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ മൂന്നു ബാങ്കുകളാണ് പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നത്.
നോര്‍ക്ക റൂട്ട്‌സിന്റെ ശുപാര്‍ശപ്രകാശം വായ്പക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കര്‍ശനമായ നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ബാങ്കുകള്‍ വായ്പ നിഷേധിക്കുകയാണെന്ന് പ്രവാസികള്‍ കമ്മീഷന് മുന്നില്‍ പരാതികള്‍ ഉന്നയിച്ചു. ഇത്തരം അപേക്ഷകളില്‍ നിബന്ധനകളില്‍ ഇളവുകള്‍ നല്‍കുന്നതിനൊപ്പം പ്രവാസികള്‍ക്ക് വായ്പനല്‍കുന്നതിന് എല്ലാ ബാങ്കുകളേയും ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.
പ്രവാസി വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി കൂടുതല്‍ പരാതികള്‍ അദാലത്തില്‍ ലഭിച്ചു. പ്രവാസി ക്ഷേമപെന്‍ഷന്‍, മരണാനന്തര ആനുകൂല്യം എന്നിവയക്കായി നല്‍കുന്ന അപേക്ഷകളില്‍ കൃത്യമായ മറുപടി നോര്‍ക്കബോര്‍ഡില്‍ നിന്നും ലഭിക്കുന്നില്ലെന്നും പരാതിയുണ്ടായി.പ്രവാസികള്‍ക്ക് വിദേശത്ത് നടക്കുന്ന കേസുകളില്‍ കമ്മീഷന്‍ ആവശ്യമായ നിയമസഹായം നല്‍കും.
അവിടത്തെ നിയമപരിധിയില്‍ നിന്നുകൊണ്ടു പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കമ്മീഷന്‍ ചെയ്യും. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായവും കമ്മീഷന്‍ ചെയ്യുന്നുണ്ട്. നിരവധി പ്രവാസികള്‍ പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്നുണ്ട്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ള പ്രവാസികളെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കണമെന്ന ആവശ്യം കമ്മീഷന്‍ ഗൗരവപൂര്‍വം പരിഗണിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
Next Story

RELATED STORIES

Share it