kannur local

നോണ്‍ വൂവണ്‍ ബാഗ് വിതരണത്തിനെതിരേ നടപടി



കണ്ണൂര്‍: നോണ്‍ വൂവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് സഞ്ചികള്‍ പോലെ അപകടകരമല്ലെന്ന അവകാശവാദം തെറ്റാണെന്നും നോണ്‍ വൂവണ്‍ ബാഗ് വിതരണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീറാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ നോണ്‍ വൂവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് പോലെ അപകടകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2008ല്‍ഡല്‍ഹിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചപ്പോ ള്‍ പകരമായി നോണ്‍ വൂവ ണ്‍ ബാഗുകള്‍ ഉപയോഗിച്ചതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കോടതി റിപോര്‍ട്ട് തേടിയത്. നോണ്‍ വൂവണ്‍ സഞ്ചികളില്‍ 98.3 ശതമാനം പോളിപ്രൊപിലിന്‍ എന്ന പ്ലാസ്റ്റിക് പദാര്‍ഥം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് മണ്ണിനോടു ചേരാത്ത പദാര്‍ഥമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ, തെറ്റായ പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വീണുപോവരുതെന്നും പ്ലാസ്റ്റിക്-നോണ്‍ വൂവണ്‍ ബാഗുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വ്യാപാരികള്‍ വിട്ടുനില്‍ക്കണമെന്നും ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം നിരോധിത സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏപ്രില്‍ രണ്ടോടെ ജില്ലയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ചിലയിടങ്ങളില്‍ നോണ്‍വൂവണ്‍ ബാഗുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവ പ്രകൃതി സൗഹൃദമാണെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തുവന്നത്. കാഴ്ചയില്‍ തുണിയെന്നു തോന്നുമെങ്കിലും ഇവയുടെ അടിഭാഗം തുന്നുന്നതിനു പകരം പ്ലാസ്റ്റിക്കിലുള്ളതു പോലെ പ്രസ് ചെയ്തതാണെന്ന് കാണാനാവും. ഇവ തിരിച്ചറിയാനുള്ള എളുപ്പവഴിയും ഇതുതന്നെ. ജില്ലയിലെ പ്രധാന ഷോപിങ് മാളുകളിലും സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറി ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലും തുണിസഞ്ചികളിലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. നഗരങ്ങളില്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങാന്‍ തുണിസഞ്ചിയുമായി കടകളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നഗരങ്ങളിലെ ചില കടകളില്‍ പ്ലാസ്റ്റിക്-നോണ്‍ വൂവണ്‍ സഞ്ചികള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി കെ ദിലീപ് അറിയിച്ചു. ഇവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വില്‍പന ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it