നോട്ട് നിരോധന ശേഷം 7961 കോടിയുടെ കള്ളപ്പണംപിടിച്ചെടുത്തെന്നു കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം 7961 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധിച്ച കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ 7961 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തുവെന്നാണു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. ഇക്കാലയളവില്‍ 900 കമ്പനികളില്‍ പരിശോധന നടന്നുവെന്നും ഇവിടങ്ങളില്‍ നിന്ന് 900 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും ഇതില്‍ 7,961 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനമാണു കണ്ടെത്തിയതെന്നുമാണു കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചത്. നോട്ട് നിരോധനത്തിനു ശേഷം ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം 2017 നവംബര്‍ 30 വരെ സംസ്ഥാന പോലിസ് 18.70 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇതു 15.70 കോടി രൂപയായിരുന്നുവെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. നോട്ട് നിരോധന ശേഷം 50 ലക്ഷം പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചുവെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. നികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ 26.6 ശതമാനം വര്‍ധന ഉണ്ടായെന്നും ഇ-റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ 27.95 ശതമാനം വര്‍ധിച്ചുവെന്നും 2.24 ലക്ഷം കടലാസ് കമ്പനികള്‍ അടച്ചുപൂട്ടിയെന്നും ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കമ്പനികളില്‍ നിന്ന് 29,213 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തിയെന്നും മന്ത്രാലയം അവകാശപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it