Flash News

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ അതീവ ഗുരുതരമായി ബാധിച്ചു : മുഖ്യമന്ത്രി



തിരുവനന്തപുരം: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അതീവ ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകതിരിവില്ലാത്ത തീരുമാനം ആയിരുന്നു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനും നോട്ട് നിരോധനത്തിന് പിന്നാലെ ശ്രമം നടന്നു. കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വന്നപ്പോള്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ് എന്ന് മനസ്സിലായെന്നും പിണറായി പരിഹസിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വല്ലാത്ത അനുഭവങ്ങളാണ് ജനങ്ങള്‍ക്കുണ്ടായത്.  കുത്തകക ള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും മാത്രമാണ് വിഷമം അനുഭവപ്പെടാതിരുന്നത്. ആര്‍ക്കെങ്കിലുമുണ്ടാവുന്ന ബോധോദയത്തിന്റെ ഭാഗമായിട്ടായിരിക്കരുത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും പിണറായി പറഞ്ഞു. നോട്ട് നിരോധനത്തിനുശേഷം, അന്നത്തെ ആര്‍ബിഐ മേധാവി നോട്ട് പിന്‍വലിക്കാന്‍ പാടില്ലെന്ന ഉപദേശമാണ് നല്‍കിയതെന്ന് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ആരുടെ ഉപദേശത്തിലാണ് തീരുമാനം എടുത്തതെന്ന ചോദ്യം ബാക്കിയാവുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് നേതാക്കള്‍ സംസാരിച്ചു. നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്നലെ കരിദിനം ആചരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പോസ്റ്റ് ഓഫിസിന്  മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിനു മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജിഎസ്ടി ഓഫിസിലേക്കും വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം എസ്ബിഐയിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തി. നവംബര്‍ എട്ട് വിഡ്ഢി ദിനമായി ആചരിച്ച മുസ്്‌ലിം യൂത്ത് ലീഗ് എജീസ് ഓഫിസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം കെ എസ് ശബരീനാഥന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it