Flash News

നോട്ട് നിരോധനം : വകുപ്പുകള്‍ വസ്തുതകള്‍ പുറത്തുവിടണമെന്ന് സിഐസി



ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു പിന്നിലെ വസ്തുതകളും കാരണങ്ങളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി). ഈ വിവരങ്ങള്‍ പുറത്തുവിടേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വിവരങ്ങള്‍ പുറത്തുവിടാതെ പിടിച്ചുവയ്ക്കുന്നത് സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് ഗൗരവാവഹമായ സംശയങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുമെന്ന് വിവരവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസ്, റിസര്‍വ് ബാങ്ക്, ധനകാര്യ മന്ത്രാലയം എന്നിവ നോട്ടു നിരോധനവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ തള്ളിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നിരീക്ഷണം. 2016 നവംബര്‍ എട്ടിനായിരുന്നു നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. പിന്റോ പാര്‍ക്ക് എയര്‍ഫോഴ്‌സ് പ്രദേശത്തെ തപാലോഫിസില്‍ എത്ര പഴയ നോട്ടുകള്‍ മാറി, ആരൊക്കെ എന്തൊക്കെ രേഖകള്‍ ഉപയോഗിച്ചാണ് നോട്ട് മാറ്റിയത് തുടങ്ങിയ വിവരങ്ങള്‍ ആരാഞ്ഞ് രാംസ്വരൂപ് എന്ന വ്യക്തി ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ വിവരങ്ങളുടെ സംക്ഷിപ്തരൂപം തപാലോഫിസിലില്ല എന്ന് പറഞ്ഞ് വിവരാവകാശ അപേക്ഷ ഓഫിസ് തള്ളി. തുടര്‍ന്നാണ് ഹരജിക്കാരന്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്. രാംസ്വരൂപിന്റെ ഹരജിയില്‍ തീരുമാനമെടുക്കവെയാണ് കമ്മീഷന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തെ ബാധിച്ച സംഭവത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടേണ്ടത് വകുപ്പുകളുടെ ധാര്‍മികവും ഭരണഘടനാപരവും ജനാധിപത്യപരവുമായ ബാധ്യതയാണ്. വിവരങ്ങളില്‍ നോട്ടു നിരോധനത്തിന്റെ കാരണങ്ങള്‍, അനന്തരഫലങ്ങള്‍, പ്രതിവിധികള്‍ എന്നിവ ഉള്‍പ്പെട്ടിരിക്കണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it