Flash News

നോട്ട് നിരോധനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു : എസ്ഡിപിഐ



കണ്ണൂര്‍: രാജ്യം കണ്ട ഏറ്റവും വിഡ്ഢിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ് പറഞ്ഞു. നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്‌റ്റോഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍പോലും അറിയാതെയാണ് നോട്ട് നിരോധിച്ചത്. ചില ഉപജാപക സംഘങ്ങളുടെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഇന്ത്യയുടെ നെടും തൂണായ അസംഘടിത മേഖല താറുമാറായി. രാജ്യം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിക്കാനാണ് വര്‍ഗീയ പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സ്‌റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നു ആരംഭിച്ച പ്രകടനമാണ് ഹെഡ് പോസ്‌റ്റോഫിസിനു മുന്നിലെത്തിയത്. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, സെക്രട്ടറി എ സി ജലാലുദ്ദീന്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ്ബി ശംസുദ്ദീന്‍ മൗലവി, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കെ കെ ഇബ്രാഹീം, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, സജീര്‍ കീച്ചേരി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it