Flash News

നോട്ട് നിരോധനം : കറുത്ത ദിനം - മന്‍മോഹന്‍സിങ്



ന്യൂഡല്‍ഹി: നോട്ട് നിരോധനം നിലവില്‍വന്ന നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ്ഘടനയുടെയും ജനാധിപത്യത്തിന്റെയും കറുത്ത ദിനമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. നോട്ട് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഞെട്ടിച്ചുവെന്നും ഇത്രമേല്‍ വീണ്ടുവിചാരമില്ലാതെ നടപടി സ്വീകരിക്കാന്‍ ആരാണ് അദ്ദേഹത്തെ ഉപദേശിച്ചതെന്നും നടപടി ആശ്ചര്യപ്പെടുത്തുന്നുവെന്നും സിങ് പറഞ്ഞു. അഹ്മദാബാദില്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം നോട്ട് നിരോധനത്തിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ്  വിഷയത്തില്‍ മോദിക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നത്. വാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ തയ്യാറെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍, തങ്ങള്‍ ചെയ്ത വിഡ്ഢിത്തം തുറന്നുസമ്മതിച്ച് തെറ്റു തിരുത്താന്‍ തയ്യാറാവണമെന്ന് കഴിഞ്ഞദിവസം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നോട്ട് നിരോധനമെന്ന വിനാശകരമായ പദ്ധതി നടപ്പാക്കിയതിലൂടെ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്കാണ് പ്രയോജനം ലഭിച്ചത്. ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ അത് വളരെ മോശമായി ബാധിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം ഇറക്കുമതിയാണ് 2018ലെ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ ചൈനയില്‍നിന്ന് ഉണ്ടായത്. 2016-17ന്റെ ആദ്യപകുതിയില്‍ ചൈനയില്‍ നിന്ന് 1.96 ലക്ഷം കോടിയുടെ ഇറക്കുമതിയാണ് ഉണ്ടായത്. 2017-18ല്‍ ഇത് 2.41 ലക്ഷം കോടിയായി ഉയര്‍ന്നുവെന്ന് സിങ് ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും കോട്ടംവരുത്തിയെന്ന് കഴിഞ്ഞദിവസം  സിങ് വ്യക്തമാക്കിയിരുന്നു.  ചരക്കുസേവന നികുതിയും നോട്ട് നിരോധനവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും തൊഴില്‍ മേഖലയെയും പ്രതികൂലമായി ബാധിച്ചു. കള്ളപ്പണവും നികുതിവെട്ടിപ്പും തടയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, അതിനു നോട്ട് നിരോധനമല്ല വഴി.  ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം പണവും നിരോധിച്ചുള്ള ബുദ്ധിശൂന്യമായ നടപടി ലോകത്തെ ഒരു രാജ്യവും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ഇതുകൊണ്ട് സര്‍ക്കാര്‍ അവകാശപ്പെട്ട ലക്ഷ്യങ്ങളൊന്നും ഇതുവരെ നിറവേറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം സംഘടിത കുറ്റകൃത്യവും നിയമാനുസൃത കൊള്ളയും ആയിരുന്നുവെന്ന രാജ്യസഭയിലെ പരാമര്‍ശം താന്‍ ആവര്‍ത്തിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു. ചരക്കുസേവന നികുതിയും രാജ്യത്തിനേറ്റ കനത്ത ആഘാതമായിരുന്നു. മതിയായ മുന്നൊരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കിയതിലൂടെ ചെറുകിട വ്യവസായികളുടെ നട്ടെല്ലൊടിഞ്ഞു. നികുതി ഭീകരത മൂലം നിക്ഷേപം ഇറക്കാനുള്ള ആത്മവിശ്വാസം നിക്ഷേപകര്‍ക്ക് നഷ്ടമായെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വ്യര്‍ഥ വ്യായാമമാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ വനഭൂമി ഗോത്രവര്‍ഗങ്ങള്‍ക്കു നല്‍കുന്നതിന് പകരം വ്യവസായികള്‍ക്കു വില്‍ക്കുകയാണെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.
Next Story

RELATED STORIES

Share it