palakkad local

നോട്ടു പിന്‍വലിക്കലിന് ഒരു വര്‍ഷം: പ്രതിഷേധവുമായി സംഘടനകള്‍



പാലക്കാട്: 500, 1000രൂപ ഒറ്റരാത്രിയില്‍ അസാധുവാക്കി ജനങ്ങളെ പരിഭ്രാന്തിയിലും സാമ്പത്തിക ദുരിതത്തിലുമാക്കി ഒരുവര്‍ഷമാകുന്ന വേളയില്‍ വിവിധ രാഷ്ട്രീയ-ബാങ്കിങ് സംഘടനകള്‍ വ്യത്യസ്ഥ പ്രതിഷേധ പരിപാടികളുമായി രംഗത്ത്. നോട്ട് നിരോധനം നടപ്പിലാക്കിയ നവംബര്‍ 8ന് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി വിചാരണദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. രാവിലെ 10.30ന് നടക്കുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. രാജ്യവ്യാപകമായി കോ ണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്നു കരിദിനമായി ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അറിയിച്ചു. വൈകീട്ട് 5ന് 102 മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ച് കരിങ്കൊടി പ്രകടനം നടത്തും. ജില്ലാ ആസ്ഥാനത്ത് ഡിസിസിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം.  യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സിഐടിയുവുമായും മറ്റ് സര്‍വീസ് സംഘടനകളുമായും സഹകരിച്ച് എട്ടിന് നോട്ടുപിന്‍വലിക്കല്‍ ദുരന്തവാര്‍ഷികദിനമായി ആചരിക്കും. ഉച്ചയ്ക്ക് രണ്ടിന് സുല്‍ത്താ ന്‍പേട്ട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ വച്ച് കാര്‍ട്ടൂണ്‍ പ്രദര്‍ശനവും വിദ്യാര്‍ഥികളുടെ സംവാദവും നടക്കും. സംവാദം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യും. 10 കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംവാദത്തില്‍ പങ്കെടുക്കും. സംവാദ വിജയികള്‍ക്ക് കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി കെ. സുധാകരന്‍ സമ്മാന വിതരണം നടത്തും. ബാങ്കേഴ്‌സ് അക്കാദമിയാണ് ക്യാഷ് പ്രൈസുകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. വൈകീട്ട് 5ന് നടക്കുന്ന ജനസദസ്സ് എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. സാമ്പത്തിക വിദഗ്ധന്‍ വി കെ പ്രസാദ് വിശദീകരണം നടത്തും. വിവിധ മേഖലകളില്‍നിന്നുള്ളവര്‍ നോട്ടുപിന്‍വലിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവക്കും. വൈകീട്ട് പ്രതിഷേധ ജ്വാല തെളിയിച്ച് ജനസദസ്സ് പ്രതിഷേധം രേഖപ്പെടുത്തും. അതേ സമയം ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കും. അട്ടപ്പാടി ഗുളിക്കടവില്‍ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it