Idukki local

നോട്ടു നിരോധന ദുരന്ത വാര്‍ഷിക ദിനം : വാഹന പ്രചാരണ ജാഥയുമായി ബെഫി



ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക് ആശയങ്ങളുടെ പൊള്ളത്തരങ്ങള്‍ വിളിച്ചോതി നോട്ട് നിരോധന വാര്‍ഷിക ദിനത്തില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ജില്ലയില്‍ വാഹന പ്രചരണ ജാഥ നടത്തും. കള്ളപ്പണവും, കള്ളനോട്ടും, ഭീകരപ്രവര്‍ത്തനവും അവസാനിപ്പിക്കാനുള്ള ഒറ്റമൂലിയായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച നോട്ടു നിരോധനം ജനങ്ങള്‍ക്ക് സമ്മാനിച്ചത് തീരാ ദുരിതങ്ങളാണ്. ജീവിത സമ്പാദ്യം മാറിയെടുക്കാനുള്ള തത്രപ്പാടില്‍ നൂറിലധികം ആളുകളാണ് ബാങ്കുകളില്‍ ക്യൂവില്‍ നിന്ന് മരണപ്പെട്ടത്. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചുരുങ്ങിയത് മൂന്നു ലക്ഷം കോടിയെങ്കിലും സംഭാവന ചെയ്യും എന്നു പറഞ്ഞു നടപ്പാക്കിയ പരിഷ്‌കാരത്തിന് പക്ഷെ പുതിയ നോട്ടടിക്കാനുള്ള ചിലവ് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ഷിക മേഖലയും, ചെറുകിട കച്ചവട മേഖലയും തരിപ്പണമായി. ജിഡിപിയില്‍ യില്‍ 2.2% ത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബെഫി ഇടുക്കി ജില്ലാ പ്രസിഡന്റ് വി എസ് പ്രഭാകുമാരി നയിക്കുന്ന പ്രചരണ ജാഥ  ഇന്നു രാവിലെ 8ന് നെടുങ്കണ്ടത്ത് കേരള സ്‌റ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് അംഗം എം സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. കട്ടപ്പന, ചെറുതോണി, മുട്ടം എന്നിവിടങ്ങളില്‍ പര്യടനം നടത്തി ജാഥ തൊടുപുഴയില്‍ അവസാനിക്കും. ജാഥാ അംഗങ്ങളായ ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ സനില്‍ ബാബു, ജില്ലാ സെക്രട്ടറി ഇ എസ് ശരത്, ജോ. സെക്രട്ടറി സിജോ എസ്, സി ആര്‍ രാജേഷ് സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കും. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്യും. ജാഥയോടൊപ്പം ബെഫി പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന “ഭക്തവത്സലന്‍” എന്ന തെരുവു നാടകവും അരങ്ങേറും.
Next Story

RELATED STORIES

Share it