Flash News

നോട്ടു നിരോധനം : സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞു, ജിഡിപിവളര്‍ച്ചയില്‍ തകര്‍ച്ച

നോട്ടു നിരോധനം : സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞു, ജിഡിപിവളര്‍ച്ചയില്‍ തകര്‍ച്ച
X


ന്യൂഡല്‍ഹി : നോട്ട് നിരോധനം രാജ്യത്ത് വലിയ സാമ്പത്തിക പുരോഗതി കൊണ്ടുവരുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിച്ചടുക്കിക്കൊണ്ട് മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) കണക്കുകള്‍ പുറത്തുവന്നു. നോട്ടുനിരോധനത്തെത്തുടര്‍ന്നുള്ള സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 6.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ഏഴ് ശതമാനമായിരുന്നു 2016 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച.
ലോകത്തിലെ ഏറ്റവും വേഗതയേറിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്ന അവകാശവാദവും ഇതോടെ പൊളിഞ്ഞു. 2016- 17 വര്‍ഷത്തെ ജിഡിപി വളര്‍ച്ചാനിരക്ക് 7.1 ശതമാനമാണെന്നാണ് പുറത്തുവന്ന കണക്ക്. എട്ടുശതമാനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2015-16 വര്‍ഷം എട്ട് ശതമാനമായിരുന്നു ഇത്.
നവംബറിലെ നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ മാന്ദ്യത്തെത്തുടര്‍ന്ന് നിര്‍മാണ വ്യാപാര രംഗങ്ങളിലുണ്ടായ പിന്നോട്ടുപോക്കാണ് വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ കാരണമായി കണക്കാക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രബല സമ്പദ്വ്യവസ്ഥയെന്ന സ്ഥാനവും ഇതോടെ ഇന്ത്യക്ക് നഷ്ടമായി. 2017ലെ ആദ്യ മൂന്നു മാസങ്ങളില്‍ ചൈന കൈവരിച്ച 6.9 ശതമാനം എന്ന വളര്‍ച്ചാ നിരക്കിലും കുറവാണ് ഇന്ത്യയുടെത്.
നോട്ടുനിരോധനത്തെത്തുടര്‍ന്നുള്ള കാലയളവില്‍, അതായത് ജനുവരി-മാര്‍ച്ച് പാദത്തില്‍ കൃഷി, മല്‍സ്യബന്ധന രംഗത്ത് 5.2 ശതമാനവും, ഖനി ക്വാറി രംഗത്ത് 6.4 ശതമാനവും നിര്‍മാണ രംഗത്ത് 5.3 ശതമാനവുമാണ് വളര്‍ച്ച. വിദ്യുച്ഛക്തി, ജലസേചന, അവശ്യ സേവന രംഗത്ത് 6.1 ശതമാനം, ഗതാഗത, വിവരവിനിമയ രംഗങ്ങളിലായി 6.5 ശതമാനവും റിയല്‍ എസ്റ്റേറ്‌റ്, ധനകാര്യ സേവനം, പ്രൊഫഷണല്‍ സേവന രംഗങ്ങളിലായി 2.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. പൊതുഭരണം, പ്രതിരോധം, സേവന രംഗങ്ങളില്‍ 17 ശതമാനമാണ് കഴിഞ്ഞ പാദത്തിലെ വളര്‍ച്ച. 3.7 ശതമാനമാണ് നിര്‍മാണ രംഗത്തെ വളര്‍ച്ച.
നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറവാണ് വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ പറയുന്നു. നവംബറിലെ പ്രദാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം വളര്‍ച്ചാനിരക്കിലെ പിന്നോട്ടുപോക്കിനുകാരണമായതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2014 ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നരാക്കാണ് ഇത്തവണത്തെത്. ആറു ശതമാനം വളര്‍ച്ചയായിരുന്നു 2014 ഒക്ടോബര്‍ ഡിസംബര്‍ കാലയളവിലെ ജിഡിപി വളര്‍ച്ച.
കേന്ദ്രത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് പുതിയ ജിഡിപി കണക്കുകള്‍. നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് ഉണര്‍വേകുമെന്ന മോദിയുടെ അവകാശവാദത്തിനും വിരുദ്ധമായാണ് അവസാന പാദത്തിലെ സാമ്പത്തിക വളര്‍ച്ച.

Next Story

RELATED STORIES

Share it