Flash News

നോട്ടു നിരോധനം ബിജെപിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കി : എ സഈദ്



കോഴിക്കോട്: നോട്ടു നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും അത് അവരുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. നോട്ട് നിരോധിച്ചതോടെ കള്ളപ്പണം മുഴുവന്‍ ബിജെപിയുടെ കൈകളിലെത്തി. എംപിമാരെയും എംഎല്‍എമാരെയും കൂറുമാറാന്‍ ബിജെപി ആ പണമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്ഡിപിഐ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം ബിജെപി പിടിച്ചെടുത്തത് കള്ളപ്പണം ഉപയോഗിച്ച് നിയമസഭാ സാമാജികരെ കൂറുമാറ്റിയാണെന്നും സഈദ് പറഞ്ഞു. ആ പാര്‍ട്ടി ഇന്ന് കള്ളപ്പണക്കാരുടെ സങ്കേതമായി മാറി. അഴിമതിയില്‍ മുങ്ങിക്കുളിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ സുഖ്‌റാം, അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി തുടങ്ങിയവര്‍ ഇന്ന് ബിജെപിയുടെ ഭാഗമാണ്. പുതിയ കറന്‍സി നോട്ടുകള്‍ക്ക് സര്‍ക്കാരും റിസര്‍വ് ബാങ്കും റേഷന്‍ ഏര്‍പ്പെടുത്തിയപ്പോഴും ബിജെപിക്കാരുടെയും കുടുംബങ്ങളുെടയുമെല്ലാം കൈകളില്‍ പുതിയ നോട്ടുകള്‍ സുലഭമായെത്തിയത് നോട്ടു നിരോധനത്തിലൂടെ അവര്‍ കള്ളപ്പണ സമാഹരണം നടത്തിയതുകൊണ്ടാണ്. ചെറുകിട വ്യവസായം തകരുന്നതിനും നോട്ടു നിരോധനം കാരണമാക്കിയതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ്, കെ കെ കബീര്‍, കെ കെ ഫൗസിയ, കബീര്‍ തിക്കോടി, നജീബ് അത്തോളി, എം എ സലീം, മുസ്തഫ പാലേരി സംസാരിച്ചു.
Next Story

RELATED STORIES

Share it