Flash News

നോട്ടു നിരോധനം : കര്‍ഷകരുടെ നടുവൊടിച്ചു ; ടൂറിസം രംഗത്തും തളര്‍ച്ച



ടി എസ്  നിസാമുദ്ദീന്‍

കാലാവസ്ഥാ വ്യതിയാനം മുച്ചൂടും തകര്‍ത്ത കാര്‍ഷിക മേഖലയ്ക്ക് നോട്ടു നിരോധനം നല്‍കിയ അടിയുടെ ആഘാതം ചെറുതല്ല. ഒപ്പം വെള്ളത്തിലാക്കിയത് ടൂറിസം മേഖലയുടെ കോടികളുമാണ്. കാര്‍ഷിക വിളകളുടെ വിലയില്‍ കാര്യമായ പുരോഗതി വന്നുകൊണ്ടിരിക്കെയാണ് നോട്ടു നിരോധനമുണ്ടായത്. അതോടെ ഏലം, കുരുമുളക് അടക്കമുള്ളവയുടെ വില പിന്നീട് വര്‍ധിച്ചില്ല. അതേസമയം, നോട്ടു നിരോധനം മൂലം ഭൂവുടമകളുടെ ജീവിതമാണ് താളം തെറ്റിയത്. ബാങ്കുകളില്‍ നിന്നും മറ്റും ലോണെടുത്തവ ര്‍ തിരിച്ചടവ് മുടങ്ങിയതോടെ ഉയര്‍ന്ന പലിശ കൊടുക്കേണ്ടിവന്നു. പണത്തിന്റെ ക്രയവിക്രയം നിലച്ചതോടെ തോട്ടമുടമകള്‍ തൊഴിലാളികളെ വച്ചു പണിയെടുപ്പിക്കുന്നതും കുറച്ചു. ഇത് സാധാരണക്കാരായ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. നോട്ടു നിരോധനത്തിന്റെ പരിണിതഫലം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തോട്ടം മേഖലയില്‍ വെളിവായിത്തുടങ്ങിയിട്ടുണ്ട്. ഏലം, കുരുമുളക്, കാപ്പി തോട്ടങ്ങളിലെ കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ വന്‍തോതില്‍ കുറവു വന്നു.  യഥാസമയം ആവശ്യമായ പണികള്‍ ചെയ്യാതിരുന്നതാണ് ഇതിന് ഒരു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. തോട്ടങ്ങളിലെ ഉല്‍പാദനം കൂടാന്‍ ഇനിയും ഏറെ സമയമെടുക്കും. നോട്ടു നിരോധനം കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ ദുരിതം ഉടനെയൊന്നും മാറില്ലെന്നു വ്യക്തം. അതേസമയം, ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് മേഖലയി ല്‍ ജില്ല വര്‍ഷങ്ങളാണ് പിന്നാക്കം പോയത്. ടൂറിസം മേഖലയില്‍ ഒരു വര്‍ഷമായിട്ടും മെച്ചമുണ്ടായിട്ടില്ല. കോടികള്‍ ഇറക്കി തയ്യാറാക്കിയപദ്ധതികള്‍ പലതും മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ്. മൂന്നാര്‍, തേക്കടി, വാഗമണ്‍ മേഖലകളില്‍ വിദേശ-അന്യസംസ്ഥാന വിനോദസഞ്ചാരികളെ ആശ്രയിച്ചു മാത്രം കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. പലരും ബാങ്കുകളില്‍ നിന്നും മറ്റും ഉയര്‍ന്ന നിരക്കില്‍ പലിശയ്ക്കു പണമെടുത്താണ് പദ്ധതികള്‍ തുടങ്ങിയത്. എന്നാല്‍, പലിശ കൊടുക്കാന്‍ പോലും വരുമാനമില്ലെന്ന് ഇവര്‍ പറയുന്നു. ടൂറിസം മേഖലയില്‍ ഓടുന്ന കാറുകളും മറ്റും തവണകള്‍ മുടങ്ങിയതോടെ ഏജന്‍സികള്‍ പിടിച്ചെടുത്തു. അനവധി ഡ്രൈവര്‍മാരാണ് ഈ തൊഴില്‍ വിട്ട് മറ്റു മേഖലകളിലേക്കു ചേക്കേറിയത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മുടക്കിയ കോടികള്‍ വെള്ളത്തിലായ നൂറുകണക്കിനു പേരുണ്ട്. അഡ്വാന്‍സ് നല്‍കിയ തുക നഷ്ടപ്പെട്ടവര്‍, വന്‍തുക നല്‍കി വാങ്ങിയ ഭൂമിക്ക് നോട്ടു നിരോധനത്തോടെ വില കുറഞ്ഞു നഷ്ടമുണ്ടായവര്‍, വാങ്ങിയിട്ട് മറിച്ചുവില്‍ക്കാന്‍ കഴിയാത്തവര്‍- അങ്ങനെ വിവിധ കോണുകളിലാണ് നഷ്ടമുണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it