Flash News

നോട്ടുനിരോധനം - സാമ്പത്തിക ശാസ്ത്രജ്ഞരുടെ കടുത്ത വിമര്‍ശനം : ദിശാബോധമില്ലാത്ത മിസൈല്‍ വിക്ഷേപണം പോലെയെന്ന് അമര്‍ത്യാസെന്‍



ന്യൂഡല്‍ഹി: അശാസ്ത്രീയതയുടെ പേരില്‍ സാമ്പത്തികശാസ്ത്രജ്ഞരുടെ വിമര്‍ശനം ഏറ്റുവാങ്ങിയ നടപടിയായിരുന്നു നോട്ടുനിരോധനം. നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍, യുഎസ് ട്രഷറി മുന്‍ സെക്രട്ടറി ലാറി സമ്മേഴ്‌സ് എന്നിവരടക്കമുള്ളവര്‍ നോട്ടുനിരോധനത്തെ വിമര്‍ശിച്ചിരുന്നു. നോട്ടുനിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്ന്് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജന് തുറന്നുപറയേണ്ടിവരുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍സിങ്, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍മാരായ വൈ വി റെഡ്ഡി, ബിമല്‍ ജലാന്‍ തുടങ്ങിയവരും നോട്ടുനിരോധനത്തെ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം കൃത്യമായ ദിശ നിര്‍ണയിക്കാത്ത മിസൈ ല്‍ വിക്ഷേപണംപോലെ ജനങ്ങള്‍ക്കുമേല്‍ വന്നുപതിച്ചതായി കഴിഞ്ഞ ജനുവരിയിലാണ് അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടത്. 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി മഹാ അബദ്ധമായെന്നായിരുന്നു ലാറി സമ്മേഴ്‌സിന്റെ പ്രതികരണം. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന കറന്‍സി ഒരു രാത്രികൊണ്ട് റദ്ദാക്കിയ നടപടി കേട്ടുകേ ള്‍വിയില്ലാത്തതാണെന്നും ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കുമാണ് അതുകൊണ്ട് ഏറ്റവും ദുരിതമുണ്ടായതെന്നും കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തുവന്ന വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ സമ്മേഴ്‌സ് എഴുതി. കള്ളപ്പണത്തെപ്പറ്റി എപ്പോഴും വിവാദമുണ്ടാവുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള നടപടികള്‍ ഗുണംചെയ്യുമോ എന്നതു സംശയകരമാണ്. മാത്രമല്ല, വലിയ കള്ളപ്പണക്കാര്‍ അതു കറന്‍സിയായി സൂക്ഷിച്ചുവയ്ക്കുമെന്നു കരുതാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അഴിമതിയുടെ രൂപം മാറുമെന്നേയുള്ളൂവെന്നും സമ്മേഴ്‌സ് ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചത് തന്റെ അറിവോടെയായിരുന്നില്ലെന്ന അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലും പീന്നീട് പുറത്തുവന്നു. ഐ ഡു വാട്ട് ഐ ഡു' എന്ന പുസ്തകത്തിലായിരുന്നു രഘുറാം രാജന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. 2016 നവംബര്‍ 8നു നടന്ന നോട്ടുനിരോധനം തന്റെ അറിവോടെയല്ലെന്നും നോട്ടുനിരോധനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ രൂപീകരിച്ച ബോര്‍ഡില്‍ താന്‍ അംഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോട്ടുനിരോധനത്തെ യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തിയായിരുന്നു സാമ്പത്തികവിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ വിമര്‍ശനം. കഴിഞ്ഞ ഡിസംബറില്‍ ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലായിരുന്നു പ്രതികരണം. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ദൈനംദിന ചെലവുകള്‍ക്കായുള്ള പണത്തിന് മണിക്കൂറുകളോളം വരിനില്‍ക്കുക, തികച്ചും ഹൃദയഭേദകമായ കാഴ്ച തന്നെയാണിത്. രാജ്യത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹം ലേഖനത്തില്‍ അഭിപ്രായപ്പെട്ടത്. മുമ്പ് പാര്‍ലമെന്റിലും മോദിയുടെ നോട്ടുനിരോധനത്തിനെതിരേ ശക്തമായി മന്‍മോഹന്‍സിങ് പ്രതികരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നോട്ടുനിരോധനത്തിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ വൈ വി റെഡ്ഡി വിമര്‍ശനമുന്നയിച്ചത്. ആര്‍ബിഐയുടെ സ്ഥാപനപരമായ വ്യക്തിത്വം നഷ്ടമായെ ന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നോട്ട് അസാധുവാക്കല്‍ രഹസ്യമായി പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നായിരുന്നു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ പറഞ്ഞത്. രാജ്യത്തെ 90-95 ശതമാനം ജനങ്ങളും കള്ളപ്പണം കൈവശമുള്ളവരല്ല. നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണ്. നോട്ട് അസാധുവാക്കേണ്ട അടിയന്തര സാഹചര്യം ഒന്നുമുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it