Flash News

നോട്ടുനിരോധനം ഒരു ലക്ഷ്യം പോലും നേടിയില്ല : പാര്‍ലമെന്റ് സമിതി



ന്യൂഡല്‍ഹി: കറന്‍സി നിരോധനം സംബന്ധിച്ച പാര്‍ലമെന്റ് സമിതിയുടെ റിപോര്‍ട്ട് സമര്‍പ്പിച്ചു. റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിതവിലക്കുള്ളതായി അഭ്യൂഹം. നോട്ടുനിരോധനം മണ്ടത്തരമായിരുന്നുവെന്നാണ് സമിതിയുടെ വിലയിരുത്തല്‍. നോട്ടുനിരോധനസമയത്ത് ചൂണ്ടിക്കാട്ടിയ ഒരു ലക്ഷ്യംപോലും നേടാനായില്ലെന്നും സമിതി കണ്ടെത്തി. വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നത് പിടികൂടനാവുമെന്ന ലക്ഷ്യം നേടാനായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. കാര്യമായ കള്ളപ്പണവേട്ടയുണ്ടായില്ല. 5-7 ലക്ഷം കോടിയുടെ കള്ളപ്പണം രാജ്യത്തുണ്ടായിരുന്നവെന്നാണ് പ്രധാനമന്ത്രി പ്രവചിച്ചത്. എന്നാല്‍, സ്വിസ്ബാങ്കില്‍ ഉണ്ടെന്നു കരുതുന്ന 4172 കോടിയുടെ രേഖയില്ലാത്ത പണമായിരുന്നു അതെന്ന്് ധനമന്ത്രിതന്നെ സമ്മതിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഭീകരവാദത്തിനായി പണമിറങ്ങുന്നത് തടയാനാവുമെന്നതും ഫലപ്രദമായില്ല. ധനമന്ത്രി പറഞ്ഞതുപോലെ കാഷ്‌ലസ് -പണം കുറച്ചുളള ഇടപാടുകള്‍- എന്നതും വെറും വാചാടോപമായിരുന്നുവെന്നും സമിതി റിപോര്‍ട്ടില്‍ പറയുന്നു. പണനയം കാരണം രാജ്യത്തെ ചെറുകിട വ്യവസായവും അസംഘടിത മേഖലയും പാടെ തകര്‍ന്നു. 4 കോടിയുടെ തൊഴില്‍ നഷ്ടവും 3 ലക്ഷം വ്യവസായ യൂനിറ്റുകളും പൂട്ടിയതായും ബിജെപിയുടെ തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍സംഘം വെളിപ്പെടുത്തിയതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആസൂത്രണമില്ലാതെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിനെ സമിതി രൂക്ഷമായി വിമര്‍ശിച്ചു. എടിഎം മെഷീനുകള്‍ വഴി പുതിയ 2000 രൂപ നോട്ട് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. 2000 രൂപ കഴിഞ്ഞാല്‍ അടുത്ത നോട്ട് 100 രൂപയോ അതിനു താഴെയോ ആയതിനാല്‍ കടുത്ത ചില്ലറക്ഷാമം ഉണ്ടായി. ദിനംപ്രതി എടിഎം നിയമങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മാസങ്ങളോളം എടിഎമ്മുകള്‍ കാലിയായതായും സമിതി കണ്ടെത്തി. ആസൂത്രണപരാജയം കാരണം പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഫലപ്രദമായി നിക്ഷേപം ഇറക്കാനായില്ല. ഇതുകാരണം വിദ്യാഭ്യാസരംഗത്ത് ഫണ്ടില്ലാതെ ഫീസ് വര്‍ധിപ്പിക്കേണ്ടിവന്നതായും സമിതി കണ്ടെത്തി. പൊതുജനാരോഗ്യ രംഗത്തെ നിക്ഷേപക്കുറവ് ചികില്‍സാരംഗത്ത് വലിയ നഷ്ടങ്ങളുണ്ടാക്കി. പിപിഎഫ് വെട്ടിച്ചുരുക്കുകയും നികുതി വര്‍ധിപ്പിക്കുകയും ചെയ്തു. ആരാണ് ഈ സംഘടിത മണ്ടത്തരത്തിന്റെ ഉത്തരവാദിത്തം എറ്റെടുക്കുകയെന്ന ചോദ്യം ഉയരുന്നു. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 30,000മോ അതിലധികമോ കോടിരൂപയുടെ നഷ്ടമുണ്ടായി. പുതിയ നോട്ടുകള്‍ എത്തിക്കാനും പരസ്യങ്ങള്‍ക്കും ചെലവിട്ട കോടികള്‍ക്കും ആര് ഉത്തരം പറയുമെന്നു സമിതി ചോദിക്കുന്നു. നോട്ടുപ്രതിസന്ധിയില്‍ 180ലധികം പേരുടെ മരണത്തിനും  ആര്‍ ഉത്തരം പറയും. റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടും പൊതുജനത്തെ അറിയിക്കുന്നതിനായി മാധ്യമങ്ങള്‍ അവ റിപോര്‍ട്ട് ചെയ്യുന്നതും വിലക്കിയിരിക്കുന്നു. ഇത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്.
Next Story

RELATED STORIES

Share it