Middlepiece

നോട്ടിന്റെ അടി ഇന്ത്യയില്‍; നേട്ടം ചൈനയില്‍

നോട്ടിന്റെ അടി ഇന്ത്യയില്‍; നേട്ടം ചൈനയില്‍
X


നരേന്ദ്ര മോദിയുടെ നോട്ട് റദ്ദാക്കലിന്റെ ഗുണം കിട്ടിയത് തങ്ങള്‍ക്കാണെന്ന് ചൈന. കാര്യം ശരിയാണ്. നവംബര്‍ 8ന് ടിവിയില്‍ കയറിയിരുന്നാണ് മോദിയാശാന്‍ ബോംബ് പൊട്ടിച്ചത്. നേരം വെളുക്കുന്നതിനു മുമ്പ് ആയിരവും അഞ്ഞൂറും ഗാന്ധിത്തല വെറും മൊട്ടത്തലയായി മാറും എന്നായിരുന്നു പ്രഖ്യാപനം. അതു കൊടുത്താല്‍ ഒരു മുറുക്കാന്‍ പൊതിപോലും വാങ്ങാന്‍ കഴിയില്ല.പിന്നീടുണ്ടായ പുകിലൊക്കെ നാടായനാട്ടിലെ സകല മനുഷ്യരും കണ്ടറിഞ്ഞിട്ടുള്ളതാണ്. കൊണ്ടറിഞ്ഞവരാണ് നാട്ടുകാരില്‍ ഭൂരിപക്ഷവും. മണിക്കൂറുകളാണ് ഓരോ ജനവും എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുമ്പില്‍ ക്യൂ നിന്നത്. അന്ന് ജനം കൊടുംവെയിലില്‍ ക്യൂ നിന്നത് ഇതിന്റെയൊക്കെ നേട്ടം നോട്ടായും വിലക്കുറവായും തൊഴിലായും സാമ്പത്തിക വളര്‍ച്ചയായും നാട്ടിലെ സാധാരണ ജനത്തിന് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. കള്ളപ്പണക്കാരെ ശരിയാക്കാന്‍ നോട്ട് നിരോധനമാണ് പറ്റിയ പണിയെന്നും ആ വകയില്‍ ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപ സര്‍ക്കാരിന്റെ കൈയില്‍ എത്തിച്ചേരുമെന്നും അത് നാടായ നാട്ടിലൊക്കെ തേനും പാലും ഒഴുക്കാന്‍ ഉപയോഗിക്കും എന്നുമൊക്കെയാണ് മോദിയാശാന്‍ പറഞ്ഞത്. പറഞ്ഞത് പ്രധാനമന്ത്രിയല്ലേ? വിടുവായത്തമാവില്ല എന്ന് ജനം ആത്മാര്‍ഥമായി വിശ്വസിച്ചു. ആ വകയിലും കുത്തി താമരയ്ക്ക് ജനം വോട്ട്. വരാന്‍ പോവുന്ന ഭാഗ്യം വഴിയില്‍ തങ്ങിപ്പോവരുത് എന്ന വാശിയിലാണ് മോദിയാശാന്റെയും അമിട്ട് ഷാജിയുടെയും വാചകമടി ജനം തൊണ്ടതൊടാതെ വിഴുങ്ങിയത്. അങ്ങനെ നോട്ടുനിരോധനത്തിനു ശേഷം നാട്ടുകാര്‍ക്ക് പണിയൊന്നുമില്ലാതായെങ്കിലും അതേ ജനം താമരയ്ക്കു തന്നെ വോട്ട് നല്‍കി. കമ്പോളത്തില്‍ കച്ചവടം കഷ്ടിയായെങ്കിലും സ്വപ്‌നങ്ങളും പ്രതീക്ഷകളും നല്ല വിലയ്ക്കു വില്‍പന നടത്താവുന്ന ഇനങ്ങളാണെന്ന് മേല്‍പറഞ്ഞ രണ്ടു വിരുതന്മാരും തെളിയിച്ചു. പണ്ടു കാളന്‍ നെല്ലായി എന്നൊരു മരുന്നുണ്ടായിരുന്നു കേരള സംസ്ഥാനത്ത്. എല്ലാ പത്രങ്ങളിലും അതിന്റെ പരസ്യം കാണും. ഏത് അസുഖത്തിനും ഈ ഒറ്റമൂലി മതി എന്നാണ് പ്രചാരവേല. കാളന്‍ നെല്ലായി നാടുനീങ്ങിയെങ്കിലും അവരുടെ കച്ചവടതന്ത്രം ഇപ്പോഴും അതിഗംഭീരമായി വിജയംവരിക്കുന്നു. മോദി-ഷാജി കൂട്ടുകെട്ടിന്റെ വിജയവും അവിടെത്തന്നെ. ഏതു ചവറും നാട്ടുകാരുടെ തലയില്‍ കെട്ടിവയ്ക്കാം. സംഗതി അതിഗംഭീരമാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം മതി.അന്നൊക്കെ പറഞ്ഞത് കള്ളപ്പണക്കാരെ ശരിയാക്കിയാല്‍ സാമ്പത്തിക വികസനം കുതികുതിക്കുമെന്നാണ്. ഉണ്ടാവാന്‍ പോവുന്നത് ഗ്രാമീണ-അസംഘടിത മേഖലയിലെ തകര്‍ച്ചയും തിരിച്ചടിയുമാണെന്ന് മന്‍മോഹന്‍ജി ചൂണ്ടിക്കാട്ടി. നടക്കുന്നത് ഭരണകൂടത്തിന്റെ സംഘടിത കൊള്ളയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ പേരില്‍ മന്‍മോഹന്‍ജിയുടെ മേക്കിട്ടു കേറുകയായിരുന്നു പശുവാദി സംഘം. തങ്ങള്‍ രാജ്യത്തെ വന്‍ കുതിപ്പിലേക്ക് നയിക്കുകയാണ് എന്നാണ് അവര്‍ ആണയിട്ടു പറഞ്ഞത്. ഇപ്പോള്‍ മോദിയുടെ അടിയുടെ ആഘാതം എത്ര കഠിനമായിരുന്നു എന്ന് സര്‍ക്കാര്‍ കണക്കുകളില്‍ തന്നെ വ്യക്തമാവാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നാലുമാസത്തെ സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ഞെട്ടിക്കുന്ന സ്ഥിതി വ്യക്തമാവുന്നത്. ഏഴു ശതമാനത്തിനു മുകളില്‍നിന്നു വളര്‍ച്ചാനിരക്ക് ഒറ്റയടിക്ക് കുറഞ്ഞ് ആറു ശതമാനമായി താഴ്ന്നിരിക്കുന്നു. നോട്ട് റദ്ദാക്കല്‍ ഗുണം ചെയ്യും എന്നു പ്രതീക്ഷിച്ച സര്‍വീസ് മേഖലയിലാണ് ഏറ്റവും കനത്ത ആഘാതം എന്നതു വേറെ തമാശ. എന്നാല്‍, ഇത് താല്‍ക്കാലികമാണെന്നാണ് മോദിയുടെ കുഴലൂത്തുകാര്‍ പറയുന്നത്. നീതി ആയോഗില്‍ പുള്ളിക്കാരന്‍ കൊണ്ടുവച്ച അരവിന്ദ് പനഗാരിയ അത്തരത്തിലൊരാളാണ്. പക്ഷേ, കാര്‍ഷികരംഗത്തെ ആഘാതത്തിന്റെ ശരിയായ ചിത്രം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കാരണം, മുടങ്ങിപ്പോയ കൃഷിയുടെ ദുരന്തം വരുന്നത് അടുത്ത കൊയ്ത്തുകാലത്ത് ആയിരിക്കുമല്ലോ. ഏതായാലും ഇപ്പോള്‍ത്തന്നെ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ സമരരംഗത്ത് എത്തിക്കഴിഞ്ഞു. നോട്ടുതട്ടിപ്പിന്റെ ബാക്കി കഥകള്‍ വരാനിരിക്കുന്നതേയുള്ളൂ. പക്ഷേ, നേട്ടം ചൈനയ്ക്കാണ് എന്നു പറഞ്ഞത് സത്യം. അവര്‍ കുറച്ചു നാളായി വളര്‍ച്ചയില്‍ ഇന്ത്യയുടെ പിന്നിലായിരുന്നു. 2017 ആദ്യത്തില്‍ പക്ഷേ, അവര്‍ മുന്നില്‍ കടന്നിരിക്കുന്നു വീണ്ടും. അടി താല്‍ക്കാലികം എന്ന് ആരു പറഞ്ഞാലും അതിന്റെ ചൂട് ഒരായുഷ്‌ക്കാലത്തേക്ക് ആരും മറക്കാനിടയില്ല എന്നത് ഒരു സത്യം മാത്രം.
Next Story

RELATED STORIES

Share it