Flash News

നോക്കൂകൂലി ഇപ്പോഴും തുടരുന്നുവെന്ന് ഹൈക്കോടതി



കൊച്ചി: എത്ര തടഞ്ഞിട്ടും നോക്കൂകൂലി ഇപ്പോഴും തുടരുന്നുവെന്ന് ഹൈക്കോടതി. നോക്കൂകൂലി അവസാനിപ്പിച്ച് പുറപ്പെടുവിച്ച ഉത്തരവ് പോലിസും ട്രേഡ് യൂനിയനുകളും പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാഹുല്‍ ഹമീദ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി തീര്‍പ്പാക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹരജിക്കാരനായ ഷാഹുല്‍ ഹമീദ് കാഞ്ഞിരപ്പള്ളിയില്‍ മരം ഡിപ്പോ നടത്തുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് മരം കയറ്റിയാലും ഇറക്കിയാലും വരെ പ്രതിദിനം 25,000 രൂപ വരെ തൊഴിലാളി സംഘടനകള്‍ക്ക് നല്‍കേണ്ടിവരുകയാണെന്നും ഇത് ഹൈക്കോടതി തടഞ്ഞിട്ടും പോലിസിന്റെയും തൊഴിലാളി സംഘടനകളുടെയും പ്രവര്‍ത്തനംമൂലം ഉത്തരവ് നടപ്പാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. എഐസിടിയു, സിഐടിയു എന്നീ തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തകര്‍ ക്രെയിന്‍ തടയുന്നുവെന്ന് ഷാഹുല്‍ഹമീദ് പരാതി നല്‍കിയാല്‍ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി സിഐക്കും എസ്‌ഐക്കും കോടതി നിര്‍ദേശം നല്‍കി. പരാതി ലഭിച്ചിട്ടും പോലിസ് നടപടിയെടുത്തില്ലെന്ന് കോടതിയെ അറിയിച്ചാല്‍ പോലിസിനെതിരേ ആവശ്യമായ നടപടി സ്വീകരിക്കും. പോലിസിന് ഈ വിഷയത്തില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.ഹരജിക്കാരന്‍ തൊഴിലാളികള്‍ക്ക് ബാങ്ക് മുഖേനെയേ പണം നല്‍കാവൂയെന്നും കോടതി നിര്‍ദേശിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മരം കയറ്റുന്നതിനും ഇറക്കുന്നതിനും തൊഴിലാളികളെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it