kozhikode local

നൊച്ചാട് മാവട്ടയില്‍ താഴനിലമ്പറ ഹരിജന്‍ കോളനി റോഡ് പ്രവൃത്തി ഉപേക്ഷിച്ചു



പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച നൊച്ചാട് മാവട്ടയില്‍ താഴനിലമ്പറ ഹരിജന്‍ കോളനി റോഡിന്റെ പ്രവൃത്തി ഉപേക്ഷിച്ചു. വാര്‍ഡ് മെംബറും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ സുബൈദ ചെറുവറ്റ പ്രതിനിധീകരിക്കുന്ന 15ാം വാര്‍ഡിലെ വളരെ പ്രധാനപ്പെട്ട റോഡിന് അനുവദിച്ച ഫണ്ടാണ് പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്ത് കാരണം നഷ്ടപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് മെംബര്‍ എ കെ ബാലന്‍ പ്രതിനിധികരിക്കുന്ന ഡിവിഷനില്‍ അനുവദിച്ച ഫണ്ട് സിപിഎം പ്രാദേശിക നേതൃത്വം തങ്ങളുടെ അറിവോ സമ്മതമോ കുടാതെ കരാറുകാരനെ ഏല്‍പ്പിച്ചതിലുള്ള വൈരാഗ്യമാണ് ഫണ്ട് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്. മുന്‍ ഗ്രാമപ്പഞ്ചായത്തംഗവും പതിനഞ്ചാം വാര്‍ഡ് സമിതി കണ്‍വീനറുമായ എന്‍ കുഞ്ഞിമൊയ്തി മാസ്റ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി സിപിഎം അംഗവും മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുമായ പഞ്ചായത്ത് മെംബര്‍ക്കെതിരെ പരാതി നല്‍കുകയും മെമ്പര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വരികയും റോഡ് നിര്‍മാണം തടസപ്പെടുകയും ചെയ്തു. റോഡ് നിര്‍മാണം സ്തംഭനാവസ്ഥയിലായത് കൊണ്ട് പ്രദേശവാസികള്‍ക്ക് കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കയാണ്. പഞ്ചായത്ത് മെംബറുടെ ബന്ധുവിന് പ്രവൃത്തിയുടെ കരാര്‍ നല്‍കിയെന്നാണ് ആരോപണം. പ്രവൃത്തിയുടെ എഗ്രിമെന്റ് സമര്‍പ്പിച്ച് പ്രാഥമിക പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് തടസവാദവുമായി പാര്‍ട്ടിയും വാര്‍ഡ് സമിതി കണ്‍വീനറും രംഗത്ത് വന്നത്. എന്നാല്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണസമിതിയോ പാര്‍ട്ടിയോ താത്പ്പര്യമെടുക്കാത്ത നടപടിയില്‍ അസംതൃപ്തരാണ് പാര്‍ട്ടിയിലെ ബഹു ഭരിപക്ഷം പ്രവര്‍ത്തകരും നാട്ടുകാരും. നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ റോഡിന്റെ പേരില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
Next Story

RELATED STORIES

Share it