നൈല്‍ തീരത്തു നിന്നൊരു ചിന്തകന്‍

ടി ജി ജേക്കബ്

1931ല്‍ ഈജിപ്തില്‍ ജനിച്ച സമീര്‍ അമീന്‍ 2018 ആഗസ്തില്‍ പാരിസില്‍ മസ്തിഷ്‌ക സംബന്ധമായ അസുഖം മൂലം 86ാം വയസ്സില്‍ അന്തരിച്ചു. ജനപക്ഷത്തു നില്‍ക്കുന്ന എല്ലാ സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും പുരോഗമനവാദികള്‍ക്കും ഈ മരണം ഒരു നഷ്ടം തന്നെയാണ്.
ലോകതലത്തില്‍ ശ്രദ്ധേയമായ സാമൂഹിക ശാസ്ത്ര ചിന്താധാരകള്‍ക്ക് ഉടമയായിരുന്നു ഈ രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്ര ചിന്തകന്‍. അദ്ദേഹം വെട്ടിത്തുറന്ന പാതകള്‍ ഗവേഷകരെ വരുംകാലങ്ങളിലും ജനപക്ഷപാതകളില്‍ മുന്നോട്ടുകൊണ്ടുപോവുമെന്നു തീര്‍ത്തുപറയാന്‍ കഴിയും. ജ്വലിക്കുന്ന ആത്മാര്‍ഥത എന്നും സമീര്‍ അമീന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അത്ര എളുപ്പത്തില്‍ അവസാനിക്കുകയുമില്ല. സമീര്‍ അമീന്‍ ബുദ്ധിപരമായി മരണം വരെ സഹജീവികളെ സ്വാധീനിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കാന്‍വാസ് വിപുലമായിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ കാന്‍വാസ് വലുതായി വലുതായിക്കൊണ്ടിരുന്നു. ബുദ്ധിപരമായി എങ്ങനെ ഒരു മനുഷ്യന്‍ പുരോഗമിക്കണം എന്നതിന്റെ ഒരു ഉത്തമ മോഡലായിരുന്നു അമീന്റെ ജീവിതവും ചിന്തയുടെ വളര്‍ച്ചയും.
അദ്ദേഹം മെടഞ്ഞുണ്ടാക്കിയ ചിന്താധാരകള്‍ മാത്രമല്ല തലമുറകള്‍ക്ക് ഉത്തേജനം പകരുന്നത്, ചിന്തയുടെ വളര്‍ച്ചാരീതിയും ഉത്തേജകമാണ്. നിരവധി വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാ വിഷയങ്ങളെയും ലോക വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം തന്റെ വിശകലനരീതി വികസിപ്പിച്ചത്. അദ്ദേഹത്തിന് ഈ ബന്ധങ്ങള്‍ ഒരിക്കലും യാന്ത്രികമായിരുന്നില്ല, ജൈവബന്ധങ്ങളായിരുന്നു. അവിടെയാണ് അമീനും കമ്മ്യൂണിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന യാന്ത്രിക ഭൗതികവാദികളും തമ്മിലുള്ള അടിസ്ഥാന വേര്‍തിരിവ്.
ലോക വ്യവസ്ഥയില്‍ പുരോഗതിയെ തടയുന്ന, തുരങ്കം വയ്ക്കുന്ന പ്രധാന പ്രതിഭാസമായി സമീര്‍ അമീന്‍ കണ്ടത് അമേരിക്കയുടെ ഏകധ്രുവ രാഷ്ട്രീയ-സാമ്പത്തിക മേല്‍ക്കോയ്മയാണ്. ഈ ചങ്ങല പൊട്ടിച്ചേ മതിയാവൂ എന്ന് അമീന്‍ ഉറച്ചു വിശ്വസിച്ചു. എങ്ങനെയാണ് ഈ ചങ്ങല പൊട്ടിക്കല്‍ സാധ്യമാവുന്നതെന്ന അന്വേഷണം അദ്ദേഹം ഒരിക്കലും നിര്‍ത്തിയില്ല. മനുഷ്യവര്‍ഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇതു വിഘാതമാണെന്ന തീക്ഷ്ണമായ തിരിച്ചറിവില്‍ നിന്നാണ് ആ അന്വേഷണങ്ങള്‍ നടത്തിയത്. സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാണ്, പക്ഷേ, അതു യാന്ത്രികമായി നടപ്പില്‍വരില്ലെന്ന് അമീന്‍ ശക്തമായി വാദിച്ചു.
സമീര്‍ അമീന്‍ ആദ്യം ഈജിപ്ഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചിന്തയുടെ വളര്‍ച്ചയുടെ ഫലമായി സ്വതന്ത്ര സോഷ്യലിസ്റ്റ് എന്നാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. പോള്‍ സ്വീസി, ഹാരി മക്‌ഡോഫ്, ലിയോ ഹൂബര്‍മാന്‍ തുടങ്ങിയ 'മന്ത്‌ലി റിവ്യൂ' സ്വതന്ത്ര സോഷ്യലിസ്റ്റുകളുടെ ഇടയിലെ സജീവ സാന്നിധ്യമായിരുന്നു അമീന്‍. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളെല്ലാം ആദ്യം പ്രസിദ്ധീകരിച്ചത് എംആര്‍ പ്രസ് ആണ്. അതുപോലെത്തന്നെ പുതിയ താത്ത്വിക ഇടപെടലുകളെല്ലാം തന്നെ 'മന്ത്‌ലി റിവ്യൂ'വില്‍ കൂടിയായിരുന്നു ആദ്യം പുറത്തുവന്നത്.
വിപ്ലവകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് അധികാരമാറ്റം- വര്‍ഗപരമായ അധികാരമാറ്റം- ഉപാധിയാണെന്ന് അമീന്‍ കരുതി. സോഷ്യലിസം എന്നാല്‍ വിപ്ലവം മാത്രമല്ലെന്നും കരുതി. വിപ്ലവം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണെന്ന് റഷ്യന്‍ വിപ്ലവത്തിന്റെ സോഷ്യലിസം സ്ഥാപിക്കുന്നതിലുള്ള പരാജയം അമീനെ ബോധവാനാക്കി. ഈ വിഷയത്തില്‍ ആഴത്തില്‍ ഗവേഷണം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പക്ഷേ, 'മന്ത്‌ലി റിവ്യൂ' സുഹൃത്തുക്കള്‍ക്കിടയില്‍ വിഷയം സജീവമായിരുന്നു. പോള്‍ സ്വീസി വിഷയം മുന്നോട്ടുനീക്കുകയും ചെയ്തു. അമീന്‍ ആഫ്രിക്കയില്‍ വളരെയേറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അന്തര്‍ദേശീയ ഭൂമിശാസ്ത്ര തൊഴില്‍ വിഭജനത്തില്‍ ആഫ്രിക്ക എവിടെയാണെന്നത് അമീന്‍ എപ്പോഴും കൂലങ്കഷമായി ചിന്തിച്ചിരുന്നു. ഡാക്കറിലെ മൂന്നാം ലോക ഫോറത്തിന്റെ ഡയറക്ടറായും മറ്റും അദ്ദേഹം ആഫ്രിക്കന്‍ പഠനങ്ങള്‍ മുന്‍നിരയില്‍ കൊണ്ടുവന്നു.
സമീര്‍ അമീന്റെ മൗലികമായ ഒരു ഗവേഷണം മൂല്യസിദ്ധാന്തത്തെ കുറിച്ചായിരുന്നു. ലോക മൂല്യം (വേള്‍ഡ് വാല്യൂ) എന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവച്ചു. മാര്‍ക്‌സിസ്റ്റ് മൂല്യസിദ്ധാന്തത്തിലെ അവ്യക്തതകള്‍ പരിഹരിച്ചു മുന്നോട്ടുകൊണ്ടുപോകാനുള്ള ധീരമായ നീക്കമായിരുന്നു ഇത്. അദ്ദേഹത്തിന്റെ 'ദ ലോ ഓഫ് വാല്യൂ ആന്റ് ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം' എന്ന ഗ്രന്ഥം ഈ വിഷയത്തില്‍ ക്ലാസിക് ആണ്. അതേപോലെത്തന്നെ 'ദ ലോ ഓഫ് വേള്‍ഡ് വൈഡ് വാല്യൂ' എന്ന പുസ്തകവും.
സാമൂഹിക ശാസ്ത്ര പഠനങ്ങളില്‍ കൂടി അമീന്‍ മുന്നോട്ടുവച്ച താത്ത്വിക പ്രയോഗങ്ങളില്‍ പലതും ഒരിക്കലും മായില്ല. അതിലൊന്നാണ് 'യൂറോ സെന്‍ട്രിക്' അഥവാ 'യൂറോ കേന്ദ്രിതം' എന്ന ഭാഷാപ്രയോഗം. ഇതു വെറും യൂറോപ്പ് എന്ന ഭൂപ്രദേശ കേന്ദ്രിതമല്ല. മുതലാളിത്തം വളര്‍ന്നു വികസിച്ച് സാമ്രാജ്യത്വ മുതലാളിത്തമായി മാറിയ ഒരു സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ലോക വ്യവസ്ഥയെയാണ് ഈ പ്രയോഗം അര്‍ഥമാക്കുന്നത്. തികഞ്ഞ മുതലാളിത്തവിരുദ്ധനായ അമീന്‍ ഈ പ്രയോഗത്താല്‍ അര്‍ഥമാക്കുന്നത് സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക മൂല്യങ്ങളാണ്.
വളരെ അര്‍ഥവത്തും വിശാലവുമായ രാഷ്ട്രീയ പ്രയോഗമാണിത്. ഇന്നത്തെ ലോകത്ത് ഇതിന്റെ അര്‍ഥസമ്പുഷ്ടത ആര്‍ക്കും ബോധ്യമാവുന്ന ഒന്നുമാണ്. 1980കളിലാണ് അമീന്‍ ഇത് ആദ്യം മുന്നോട്ടുവച്ചത്. ഈ പ്രയോഗത്തിന്റെ നാനാവശങ്ങളെ വിശകലനം ചെയ്ത് രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. താമസിയാതെ തന്നെ ഈ പ്രയോഗം ലോകമെങ്ങുമുള്ള എല്ലാ വിഷയങ്ങളിലുള്ള ഡിക്ഷണറികളിലും സ്ഥാനം പിടിച്ചു. ഇന്ന് ഇതൊരു യൂനിവേഴ്‌സല്‍ പ്രയോഗമാണ്.
അവസാന വര്‍ഷങ്ങളില്‍ സമീര്‍ അമീന്‍ രാഷ്ട്രീയ ഇസ്‌ലാം വിശദമായി പഠനവിധേയമാക്കിയിരുന്നു. സാമ്രാജ്യത്വ മുതലാളിത്തം 'ഭീകരവാദം', 'മൗലികവാദം' എന്നൊക്കെയുള്ള പേരുകള്‍ വിളിക്കുന്ന ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാണ് അമീന്‍ രാഷ്ട്രീയ ഇസ്‌ലാം എന്നു വിശേഷിപ്പിക്കുന്നത്. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലവുമുണ്ട്.
സമീര്‍ അമീന്‍ വിമര്‍ശനാത്മകമായാണ് രാഷ്ട്രീയ ഇസ്‌ലാമിനെ കാണുന്നത്. ഇസ്‌ലാമിന്റെ സാംസ്‌കാരിക ചിഹ്നങ്ങളിലുള്ള അമിതമായ ഊന്നല്‍ രാഷ്ട്രീയ ഇസ്‌ലാമിനെ ദുര്‍ബലമാക്കുന്നു എന്നാണ് വിമര്‍ശനം. അതായത്, രാഷ്ട്രീയ ഇസ്‌ലാമിന്റെ ചിഹ്നസംസ്‌കാരത്തിലുള്ള ഏകപക്ഷീയമായ ഊന്നല്‍ ഇന്നത്തെ ആഗോള രാഷ്ട്രീയ-സാമ്പത്തിക പരിതഃസ്ഥിതിയില്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ മുനയൊടിക്കുന്നു എന്ന്. ഈ സുപ്രധാന വിഷയം കൂടുതല്‍ നിശിതമായ അന്വേഷണങ്ങള്‍ക്ക് വരുംകാലത്ത് വിഷയീഭവിക്കും എന്നത് ഉറപ്പാണ്. ഈ വിഷയത്തിലും സമീര്‍ അമീന്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ വഴിയൊരുക്കുന്നതില്‍ പങ്കുവഹിച്ചു. ി

Next Story

RELATED STORIES

Share it