thrissur local

നൈപുണീ വികസന ഗവേഷണം : ജിഇ ഹെല്‍ത്ത് കെയറും സഹൃദയ എന്‍ജിനീയറിങ്് കോളജും സഹകരിക്കുന്നു



തൃശൂര്‍: ആരോഗ്യ സാങ്കേതിക രംഗത്തെ ലോകോത്തര കമ്പനിയായ ജിഇ ഹെല്‍ത്ത് കെയറും സഹൃദയ എന്‍ജിനിയറിംഗ് കോളജും നൈപുണ്യ വികസനത്തിലും ഗവേഷണത്തിലും സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭമായി ജിഇയുടെ ട്രെയിനിംഗ് ആന്‍ഡ റിസര്‍ച്ച സെന്റര്‍ കൊടകരയിലെ സഹൃദയ കോളജില്‍ ആരംഭിക്കും. ജിഇ ഹെല്‍ത്ത് കെയറും സഹൃദയയുമായി ധാരണാ പത്രം ഒപ്പിട്ടതിന്റെ ഭാഗമായാണ് സെന്റര്‍ തുറക്കുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ഡോ. ജോസ് കണ്ണംമ്പുഴ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു എന്‍ജിനിയറിംഗ് കോളജുമായി ജിഇ ഹെല്‍ത്ത് കെയര്‍ സഹകരിക്കുന്നത്. ബയോ ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ രംഗങ്ങളിലുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്. ഇതുവഴി വ്യവസായിക രംഗത്തേക്കാവശ്യമായ നൈപുണ്യമുള്ള എന്‍ജിനിയര്‍മാരെയും സംരംഭകരെയും വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ബയോടെക്‌നോളജിയിലെ ആധുനിക സാങ്കേതികവിദ്യകളാണ് ജീന്‍ എഡിറ്റിംഗ്, ജീന്‍ സൈലന്‍സിംഗ്, പ്രോട്ടീന്‍ പ്യൂരിഫിക്കേഷന്‍ തുടങ്ങിയവ. ഈ ശാസ്ത്ര ശാഖകളിലുള്ള പരിശീലനവും ഗവേഷണവും ഇവിടെ നടക്കും. കേരളത്തില്‍ ആദ്യമായാണ് ഈ മേഖലയില്‍ അത്യാധുനിക രീതിയിലുള്ള പരിശീലനവും ഗവേഷണവും നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായ വിദ്യാര്‍ഥികളും വ്യാവസായിക രംഗവും തമ്മിലുള്ള അന്തരം ഈ പരിശീലനം പൂര്‍ത്തിയാകുന്നതോടെ കുറയ്ക്കാനാകും. നാളെ രാവിലെ 10.45ന് സംസ്ഥാന ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ജിഇ കമ്പനിയും സഹൃദയയുമായുള്ള സഹകരണം ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച സെന്ററിന്റെ ഉദ്ഘാടനം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി.ഐസക് നിര്‍വഹിക്കും. ജിഇ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ മന്ദീപ് സിംഗ് മുഖ്യ പ്രഭാഷണം നടത്തും. ജിഇ സ്‌കില്‍ ഡെപവല്പമെന്റ് ഡയറക്ടര്‍ മാരുത് സേത്യ, മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍, പ്രഫ. ജിബിന്‍ ജോസ്, ഡോ. അരുണ്‍ തോമസ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it