kozhikode local

നൈനാംവളപ്പിനെ തേടി വീണ്ടും ഫിഫയുടെ സമ്മാനങ്ങള്‍

കോഴിക്കോട്: ഫുട്‌ബോള്‍ നിരീക്ഷികനും, സംഘാടകനുമായ നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ (എന്‍ഫ) പ്രസിഡന്റുമായ എന്‍ വി  സുബൈറിന് ഫിഫയുടെ സമ്മാനങ്ങള്‍. ലോകകപ്പ് ട്രോഫിയുടെ സുവര്‍ണ്ണ മാതൃക, അഡിഡാസിന്റെ ഫിഫ ഫെയര്‍ പ്ലേ ടീ-ഷര്‍ട്ട്, കേപ്പ്, ബാഡ്ജ്, പേനകള്‍, കോയിന്‍, സ്റ്റിക്കര്‍, കൂടെ ബ്രസീല്‍ 2014 ലോകകപ്പിന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന 300-ഓളം പേജുള്ള ടെക്‌നിക്കല്‍ റിപോര്‍ട്ട് തുടങ്ങിയവയാണ് പാഴ്‌സലായി എത്തിയത്.  1990 മുതലേ ഫിഫയുടെ മെയിലിങ് ലിസ്റ്റില്‍ ഇടം പിടിച്ച ആളാണ് സുബൈര്‍.  യൂറോപ്പ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സുകളുടെ  പ്രസിദ്ധീകരണങ്ങളും സുബൈറിനെ തേടി എത്താറുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോള്‍ സമൂഹങ്ങളുമായുള്ള ഈ ബന്ധങ്ങളാണ് നൈനാംവളപ്പിന്റെ ഫുട്‌ബോള്‍ പ്രേമം മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.  ഇവിടുത്തെ ഫുട്‌ബോള്‍ വിശേഷങ്ങള്‍ ബിബിസി,        സിഎന്‍ എന്‍ ചാനലുകളടക്കം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ഇഎസ്പിഎന്‍ 2006 ജര്‍മ്മനി ലോകകപ്പ് സമയത്ത് നേരിട്ട് എത്തിയാണ് നൈനാംവളപ്പിന്റെ ഫുട്‌ബോള്‍ കമ്പം ലോകത്തെ അറിയിച്ചത്. 2013 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിനെ വരവേറ്റ് നൈനാംവളപ്പില്‍ ബ്രസീല്‍ ആരാധകര്‍ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡ് ബ്രസീലിലെ ഫുട്‌ബോള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുകയും അവിടുത്തെ ചാനലുകളില്‍ ചര്‍ച്ചയാകുകയും ചെയ്തതാണ്.
Next Story

RELATED STORIES

Share it