നൈജീരിയ: അഭയാര്‍ഥി ക്യാംപില്‍ സ്‌ഫോടനം; 70 മരണം

അബുജ: നൈജീരിയയിലെ അഭയാര്‍ഥി ക്യാംപില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 70ലധികം അന്തേവാസികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ണോ സംസ്ഥാനത്ത് ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ രണ്ടു സ്ത്രീകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
78 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അല്‍ജസീറയോടു പറഞ്ഞു. ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. എന്നാല്‍, ഇന്നലെയോടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. വടക്കുകിഴക്കന്‍ പ്രവിശ്യയായ മൈദുഗുരിയില്‍ നിന്ന് 80 കിലോമീറ്റര്‍ മാറിയുള്ള ദിക്വ നഗരത്തിലാണ് സംഭവം. ബോക്കോഹറാം സായുധസംഘത്തിന്റെ ഉദ്ഭവകേന്ദ്രം ഇവിടെയാണ്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. ആക്രമണത്തിനു പിന്നില്‍ ബോക്കോഹറാം ആണെന്നാണ് കരുതുന്നതെന്ന് സ്‌റ്റേറ്റ് മാനേജ്‌മെന്റ് ഏജന്‍സി വക്താവ് അഹ്മദ് സറ്റോമി അറിയിച്ചു. ബോക്കോഹറാമുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സൈന്യം സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
ആഭ്യന്തരസംഘര്‍ഷം മൂലം വീടുവിട്ടോടിപ്പോന്ന 50,000ത്തോളം പേര്‍ താമസിക്കുന്ന ക്യാംപിലാണ് ആക്രമണമുണ്ടായത്. ഇതുവരെ 20,000ത്തോളം പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 25 ലക്ഷത്തോളം പേര്‍ക്ക് വീടു നഷ്ടപ്പെട്ടു.
Next Story

RELATED STORIES

Share it