നൈജീരിയയിലെ സൈനിക തടവറയില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നതായി ആംനസ്റ്റി

അബൂജ: നൈജീരിയന്‍ സൈനിക തടവറയിലെ വൃത്തിഹീനമായ സാഹചര്യം മൂലം കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ മരിച്ചുവീഴുന്നതായി മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരിയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന പട്ടാളപ്പാളയമായ ഗിവയിലാണ് തടവുകാര്‍ ദുരവസ്ഥ നേരിടുന്നത്. ബോക്കോ ഹറാം പ്രവര്‍ത്തകരെന്നു സംശയിക്കുന്നവരെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മതിയായ തെളിവുകളില്ലാതെ സംശയത്തിന്റെ പേരില്‍ മാത്രമാണ് ഇവരെ തടവിലാക്കിയതെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതുവരെ 149 അന്തേവാസികളാണ് മരിച്ചത്. ഇതില്‍ നവജാത ശിശുക്കളടക്കം 12 കുട്ടികളും ഉള്‍പ്പെടും.
വൃത്തിഹീനമായ അവസ്ഥ കാരണം അസുഖബാധിതരായതാണ് മരണകാരണം. തടവുകാരുടെ മൃതദേഹം അടുത്തുള്ള ഗുവാന്‍ജെ ശ്മശാനത്തിലേക്കാണ് അധികൃതര്‍ തള്ളുന്നത്. ആറു വര്‍ഷം മുമ്പ് ബോക്കോഹറാം പ്രവര്‍ത്തകരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ആയിരക്കണക്കിന് പോരാളികളെയാണ് ഇവിടെ പാര്‍പ്പിച്ചുവരുന്നത്. മുമ്പ് തടവില്‍ കഴിഞ്ഞ ആളുകളുമായി നടത്തിയ അഭിമുഖത്തിനു ശേഷമാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന റിപോര്‍ട്ട് പുറത്തുവിട്ടത്. പട്ടിണിയും നിര്‍ജലീകരണവും അസുഖവും മൂലം കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവാമെന്ന് ഇവര്‍ പറയുന്നു. തടവറയില്‍ ഇപ്പോഴുള്ള 1200ഓളം പേരില്‍ 120ഉം കുഞ്ഞുങ്ങളാണ്.
Next Story

RELATED STORIES

Share it