Flash News

നൈജര്‍ : 44 അഭയാര്‍ഥികള്‍ വെള്ളം കിട്ടാതെ മരിച്ചു ; മരിച്ചത് യൂറോപ്പിലേക്ക് കടക്കുന്നതിനായി ലിബിയയിലേക്കു യാത്രതിരിച്ച അഭയാര്‍ഥി സംഘാംഗങ്ങള്‍



നിയാമേ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 അഭയാര്‍ഥികള്‍ കുടിവെള്ളം ലഭിക്കാതെ മരിച്ചു. കടല്‍മാര്‍ഗം യൂറോപ്പിലേക്ക് കടക്കുന്നതിനായി ലിബിയയിലേക്കു യാത്രതിരിച്ച അഭയാര്‍ഥി സംഘത്തിന്റെ വാഹനം വടക്കന്‍ നൈജറില്‍ കേടാവുകയും നിരവധി ദിവസം സംഘാംഗങ്ങള്‍ മരുഭൂമിയില്‍ അകപ്പെട്ട്് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മരിക്കുകയുമായിരുന്നെന്ന് പ്രാദേശിക ഭരണാധികാരികള്‍ അറിയിച്ചു. അഭയാര്‍ഥി സംഘത്തിലുണ്ടായിരുന്ന ആറുപേര്‍ മാത്രം രക്ഷപ്പെട്ടു. ഇവര്‍ ഒരു വിദൂര ഗ്രാമത്തിലെത്തിയ ശേഷമാണ് 44പേര്‍ മരിച്ച വിവരം പുറത്തറിഞ്ഞത്. ഘാന, നൈജീരിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവുമെന്ന് നൈജീരിയയിലെ ബില്‍മ മേഖലയിലെ റെഡ്‌ക്രോസ് തലവന്‍ ലവാല്‍ ടെഹര്‍ അറിയിച്ചു. സ്ഥലത്തേക്ക് റെഡ്‌ക്രോസ് സംഘത്തെ അയച്ചതായും വിശദാംശങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണവാര്‍ത്ത വടക്കന്‍ നൈജറിലെ സഹാറന്‍ പട്ടണമായ അഗാദെസിലെ മേയര്‍ റിസ്സ ഫെല്‍തോ സ്ഥിരീകരിച്ചു. ആഫ്രിക്കയിലെ മനുഷ്യക്കടത്ത് തലസ്ഥാനമെന്ന് അറിയപ്പെടുന്ന പട്ടണമാണ് അഗാദെസ്. നൈജീരിയയും ഘാനയുമടക്കമുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യൂറോപ്പിലേക്കുള്ള യാത്രയ്ക്കായി ലിബിയയിലെത്താന്‍ വടക്കന്‍ നൈജറിലെ സഹാറ മരുഭൂമി വഴിയുള്ള പാതയാണ് കുടിയേറ്റക്കാര്‍ വ്യാപകമായി തിരഞ്ഞെടുക്കുന്നത്. പിക്കപ്പ് ലോറികള്‍ പോലുള്ള വാഹനങ്ങളിലായി ആയിരക്കണക്കിന് പേര്‍ കുടിയേറ്റം ലക്ഷ്യംവച്ച് ഈ വഴി സഞ്ചരിക്കുന്നതായും ദിവസങ്ങളോളം നീളുന്ന യാത്രയില്‍ ഇവര്‍ക്ക് ഭക്ഷണമോ ആവശ്യത്തിന് കുടിവെള്ളമോ ലഭിക്കാറില്ലെന്നും റെഡ്‌ക്രോസ് പ്രതിനിധി അറിയിച്ചു. ലിബിയയില്‍നിന്നു യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിക്കുന്നവരുടെ കണക്കുകള്‍ സൂക്ഷിക്കാറുള്ളതായി അന്താരാഷ്ട്ര സംഘടനകളും ഏജന്‍സികളും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ലിബിയയിലേക്കുള്ള കരയാത്രയ്ക്കിടെ മരണപ്പെടുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാവാറില്ലെന്നും റെഡ്‌ക്രോസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജനവാസം കുറഞ്ഞ സഹാറ മരുഭൂമി മേഖലയിലൂടെയാണ് യാത്ര എന്നതും ഈ മേഖലയില്‍ പോലിസ് പരിശോധനകളില്ലെന്നതുമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം തുടക്കത്തില്‍ നൈജറില്‍ നിന്നുള്ള എട്ട് അഭയാര്‍ഥികള്‍ നൈജീരിയയിലേക്കുള്ള യാത്രയ്ക്കിടെ മരണപ്പെട്ടിരുന്നു. മറ്റൊരു സംഭവത്തില്‍ വടക്കന്‍ നൈജറില്‍ നിന്ന് 40 അഭയാര്‍ഥികളെ സൈനികര്‍ രക്ഷപ്പെടുത്തിയിരുന്നു. വിവിധ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു രക്ഷപ്പെടുത്തിയ അഭയാര്‍ഥികള്‍. ലിബിയയിലേക്കുള്ള യാത്രയ്ക്കിടെ മനുഷ്യക്കടത്തുകാര്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്നായിരുന്നു അവര്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടത.്
Next Story

RELATED STORIES

Share it