നേര്‍വാക്കിന്റെ കരുത്തുമായി കനയ്യകുമാറിന്റെ പ്രസംഗം; ഇന്ത്യയില്‍ നിന്നല്ല ഇന്ത്യക്കകത്താണ് ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണ്ടത്

ജയിലില്‍ നിന്നു മോചി തനായ ശേഷം ജെഎന്‍യു കാംപസില്‍ കനയ്യ കുമാര്‍ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം

ഈ പ്രശ്‌നത്തെ ആദ്യമായി പ്രൈംടൈമില്‍ അവതരിപ്പിച്ച എന്റെ പ്രിയപ്പെട്ട മുന്‍ ആര്‍എസ്എസ് സുഹൃത്തേ, നിങ്ങള്‍ക്കു വേണ്ടിയിരുന്നത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുക വഴി ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചു ലക്ഷം രൂപയുടെ കാര്യം അവരുടെ ഓര്‍മയില്‍ നിന്നു മായ്ച്ചുകളയുക. പക്ഷേ, ഒരു കാര്യം എനിക്ക് നിങ്ങളോടു പറയാനുണ്ട്. ജെഎന്‍യുവില്‍ പ്രവേശനം കിട്ടുക അത്ര എളുപ്പമല്ല, ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നടക്കുന്നതെല്ലാം മറക്കുക എന്നതും. ഞങ്ങളിതൊക്കെ മറന്നുപോവണമെന്നാണ് നിങ്ങ ള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. ഞങ്ങള്‍ വീണ്ടും വീണ്ടും നിങ്ങളെ അത് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം എപ്പോഴൊക്കെ ഈ രാജ്യത്തിന്റെ ആത്മാവിനു നേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെഎന്‍യുവും പ്രകമ്പനം കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല.
ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണിമരണങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ചൂഷണത്തില്‍ നിന്നും അക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ രാജ്യത്തുള്ള ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും. ഇന്ത്യയില്‍ നിന്നല്ല ഇന്ത്യക്കകത്താണ് ഞങ്ങള്‍ ക്കു സ്വാതന്ത്ര്യം വേണ്ടത്. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റ് വഴി, ഇതേ നീതിന്യായ വ്യവസ്ഥിതി വഴി!! ഇതായിരുന്നു ബാബാ സാഹേബ് അംബേദ്കറിന്റെ സ്വപ്‌നം. ഇതു തന്നെയായിരുന്നു രോഹിത് വെമുല കണ്ട സ്വപ്‌നവും. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ.
ആദരണീയ പ്രധാനമന്ത്രിജീ, ഇന്ന് അങ്ങ് സ്റ്റാലിനെക്കുറിച്ചും ക്രൂഷ്‌ചേവിനെക്കുറിച്ചും സംസാരിക്കുന്നതു കേട്ടു. ആ ടിവിയുടെ ഉള്ളിലേക്കു കയറിച്ചെന്ന് അങ്ങയോട് 'ഹിറ്റ്‌ലറെക്കുറിച്ചു കൂടി ഒന്നു സംസാരിക്കണേ' എന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങളുടെ ഗുരുവായ ഗോള്‍വാള്‍ക്കര്‍ നേരില്‍ ചെന്നു കണ്ട മുസ്സോളിനിയെക്കുറിച്ചുകൂടി നിങ്ങളെന്തെങ്കിലും പറയണേ എന്നു ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചുമാണു സംസാരിക്കുന്നത്. അവിടുത്തെ എല്ലാ ജനങ്ങളെക്കുറിച്ചും. ഈ പ്രശ്‌നത്തില്‍ ജെഎന്‍യുവിനൊപ്പം നിന്ന എല്ലാവരെയും വീണ്ടും വീണ്ടും നമ്മള്‍ സല്യൂട്ട് ചെയ്യണം.ഒരു യൂനിവേഴ്‌സിറ്റിക്കു നേരെ ആക്രമണം വന്നപ്പോള്‍ അതോടൊപ്പം നിന്ന എല്ലാവര്‍ക്കുമെതിരേയും ദേശദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു.
നമ്മുടെ കാംപസിനുള്ളി ല്‍ പോരാടുന്ന ഉമറിനെയും അനിര്‍ബനെയും അശുതോഷിനെയും ആനന്ദിനെയും കനയ്യയെയും ഇവിടെയുള്ള മറ്റെല്ലാവരെയും ദേശദ്രോഹിയെന്നു ചാപ്പകുത്തി അടിച്ചമര്‍ത്താന്‍, ജെഎന്‍യുവിനെ താറടിച്ചു കാണിക്കാന്‍, ഈ സമരത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നു കരുതരുത്. ഈ സമരത്തെ നിങ്ങള്‍ക്കൊരിക്കലും തകര്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ വീണ്ടും വീണ്ടും ഈ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരിക്കല്‍പോലും നില്‍ക്കാതെ, തല കുനിക്കാതെ, ശ്വാസം കഴിക്കാതെ ഈ പോരാട്ടത്തെ നമുക്ക് മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. പുറത്ത് ഈ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന എബിവിപിക്കും ആര്‍എസ്എസിനും ബിജെപിക്കുമെതിരേ നമ്മള്‍ നിലകൊള്ളും.
ജെഎന്‍യു നിലകൊള്ളും. ചരിത്രം നിലകൊള്ളും. രോഹിത് വെമുല തുടങ്ങിവച്ച, നമ്മളെല്ലാവരും ഈ രാജ്യത്തിനകത്തെ സാധാരണക്കാര്‍ ഒന്നടങ്കം തുടങ്ങിവച്ച ഈ പോരാട്ടം നമ്മള്‍ തുടരുക തന്നെ ചെയ്യും. എനിക്കതില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇന്നിവിടെ ഒത്തുചേര്‍ന്നിരിക്കുന്ന എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് ഞാ ന്‍ നിര്‍ത്തുന്നു.
Next Story

RELATED STORIES

Share it