Kottayam Local

നേരേകടവ് ഉദയനാപുരം റോഡ് നവീകരണം: സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ ഇഴയുന്നു



വൈക്കം: തുറവൂര്‍ പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ് ഉദയനാപുരം റോഡ് നവീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ ഇഴയുന്നു. കോട്ടയം ആലപ്പുഴ ജില്ലകളുടെ വികസനത്തിനു വഴിതുറക്കുന്ന തുറവൂര്‍ പമ്പ ഹൈവയുടെ ആദ്യഘട്ടമായ തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. അതോടൊപ്പം മാക്കേക്കടവ് വരെയുള്ള റോഡും വീതികൂട്ടിയിട്ടുണ്ട്. രണ്ടാം ഘട്ടമായ നേരേകടവ് മാക്കേകടവ് പാലം നിര്‍മാണവും അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. വേമ്പനാട്ടു കായലില്‍ ദേശീയ ജലപാതയ്ക്ക് കുറുകെയുള്ള പാലം ഇന്‍ലാന്റ് നാവിഗേഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്കു വിധേയമായിട്ടാണ് നിര്‍മിക്കുന്നത്. ഇതുമൂലം ബാര്‍ജുകളുടെ സുഗമമായ സഞ്ചാരവും ഇതിലൂടെ സാധിക്കും. നേരേകടവ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍ നിന്നും വൈക്കം വഴി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും. 11 മാസം കൊണ്ട് നേരേകടവ് മാക്കേക്കടവ് പാതയില്‍ 16 സ്പാനുകളുടെയും പണികള്‍ പൂര്‍ത്തീകരിച്ചു. 102 പൈലുകള്‍ സ്ഥാപിച്ച് പൈലുകള്‍ക്ക് മുകളില്‍ പൈല്‍ ക്യാപുകള്‍ സ്ഥാപിച്ച് അതിനു മുകളിലാണ് തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പിയര്‍ ക്യാപുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പ്രധാന ബീമുകള്‍ നിര്‍മിക്കുന്നത്. ബീമുകളെ തമ്മില്‍ ബന്ധിപ്പിച്ച് പാലത്തിന്റെ സ്പാനുകള്‍ നിര്‍മിക്കും. ബീമുകളും പാലത്തിന്റെ ഭാഗങ്ങളും കരയില്‍ നിര്‍മിച്ച് ജങ്കാറില്‍ കായലില്‍ എത്തിച്ചാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്. നൂറു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന പാലം നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഹൈവേ കടന്നുപോകുന്ന നേരേകടവ് ഉദയനാപുരം റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ് പ്രദേശത്തിന്റെ വികസനത്തിന് റോഡ് വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. നേരേകടവ് മാക്കേകടവ് പാലം പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുത്ത് റോഡ്പണികൂടി പൂര്‍ത്തിയാക്കുന്നതിന് അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് നേരേകടവ് ഗുരുകൃപ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. സിജീഷ് വെള്ളാതുരുത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിനദേവന്‍ കരിമലേകാട്, ശ്രീനിവാസന്‍ പുത്തന്‍തറ, സജീവ് ആറുകണ്ടം സംസാരിച്ചു.
Next Story

RELATED STORIES

Share it