Gulf

നേരിന്റെ പോരാട്ടവഴിയില്‍ അനുഭവങ്ങളുടെ കരുത്തുതേടി നിയമ വിദ്യാര്‍ഥിനികള്‍ സൗദിയില്‍

നേരിന്റെ പോരാട്ടവഴിയില്‍ അനുഭവങ്ങളുടെ കരുത്തുതേടി നിയമ വിദ്യാര്‍ഥിനികള്‍ സൗദിയില്‍
X


ദമ്മാം: നിയമ പഠനത്തിന്റെ ഭാഗമായി അനുഭവങ്ങളുടെ കരുത്തുതേടി രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍ സൗദിയിലെത്തി. കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്സ് ഫോര്‍ അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി നഹ്വ എം സുനിലും ഡല്‍ഹി എസ്ആര്‍എം യൂനിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ശിവ ഗംഗയുമാണ് ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പ്രവര്‍ത്തന വഴികളില്‍ നിന്ന് അനുഭവങ്ങള്‍ പഠിക്കാനെത്തിയത്. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടി നിയമം പഠിക്കാന്‍ പോയതാണ് നഹ്വ. ഓരോ സെമസ്റ്റര്‍ കഴിയുമ്പോഴും വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിച്ച് റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സൗദി അറേബ്യ പോലൊരു രാജ്യത്തെ പ്രവാസികള്‍ക്കിടയില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിന് കോളജ് അധ്യാപകരും ഏറെ താല്‍പര്യപൂര്‍വ്വമാണ് അനുമതി നല്‍കിയത്. തന്റെ പഠന വഴിയിലെ ഏറ്റവും വിശിഷ്ടമായ ദിനങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ഒരു മാസത്തെ അനുഭവങ്ങളില്‍ നിന്ന് നഹ്വ സാക്ഷ്യപ്പെടുത്തുന്നു. സൗദിയെ കുറിച്ച് നാട്ടിലെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പോലും തൊഴില്‍ പ്രശ്നങ്ങളില്‍ അലയുന്നവരെ കുറിച്ച് മാത്രമാണ്. അതിനുമപ്പുറത്ത് സൗദി പുതിയ മാറ്റത്തിന്റെ പ്രതീക്ഷകളില്‍ തിളങ്ങിനില്‍ക്കുന്ന അനുഭവങ്ങളാണ് താന്‍ കണ്ടത്. ഒരു നിയമ വിദ്യാര്‍ഥിനിയെന്ന നിലയില്‍ വിലമതിക്കാനാവാത്ത അറിവുകളാണ് ലഭിച്ചത്. ഔട്ട്പാസ് എന്ന വെള്ള പാസ്‌പോര്‍ട്ട് പുതിയ അറിവാണ്. അതേസമയം, ജയില്‍വാസം കഴിഞ്ഞ് നാട്ടിലേക്കയക്കുന്ന പലരും വീടുകളിലെത്താതെ പോകുന്ന റിപോര്‍ട്ടുകളും ശ്രദ്ധയില്‍പെട്ടു. നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്. സൗദിയിലെ നാടുകടത്തില്‍ കേന്ദ്രവും പോലിസ് സ്റ്റേഷനുകളും മോര്‍ച്ചറിയുമൊക്കെ വലിയ പാഠങ്ങളാണെന്നും നഹ്‌വ പറഞ്ഞു. കൊമേഴ്സ് വിഭാഗത്തില്‍ ജിസിസിയിലെ മികച്ച വിജയം നേടിയ നഹ്വ അമേരിക്കയില്‍ നടന്ന യൂത്ത് ലീഡര്‍ഷിപ് മീറ്റിലും സൗദിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് സുനിലിന്റെ മൂത്ത പുത്രിയാണ്്.

ശിവഗംഗയ്ക്കിത് രണ്ടാമൂഴമാണ്. ആദ്യ തവണ സൗദിയിലെ അനുഭവങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് കോളജില്‍ വലിയ അംഗീകാരങ്ങളാണ് നേടിക്കൊടുത്തത്്. കോളജിലെത്തിയ മുന്‍ ക്രേന്ദമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഇത്തരം റിപോര്‍ട്ടുകളില്‍ നിന്ന് പ്രവാസികള്‍ക്ക് അനുഗുണമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയില്‍ പഠിച്ചു വളര്‍ന്ന തങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന എല്ലാ സങ്കല്‍പങ്ങളെയും മാറ്റിമറിച്ച അനുഭവങ്ങളാണ് ഒരു മാസംകൊണ്ട് ലഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന് സൗദി ഓഫിസുകളില്‍ ലഭിക്കുന്ന സ്വീകാര്യതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന സമര്‍പ്പണവും ഏറെ ആദരവ് അര്‍ഹിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങളും ഇടപെട്ട കേസുകളുടെ വിവരണങ്ങളും വിലപെട്ട അറിവുകളാണ് സമ്മാനിച്ചതെന്നും നഹ്വയും ശിവഗംഗയും കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും പഠനത്തിന് ഇന്ത്യന്‍ എംബസി പ്രത്യേകം സാക്ഷ്യപത്രങ്ങളും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it